ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഇം​ഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കി. 23 റൺസിന്റെ ലീഡാണ് ആതിഥേയർക്കുള്ളത്. മറുപടിബാറ്റിങ്ങിൽ ഇം​ഗ്ലണ്ട് അതിവേഗം നൂറുകടന്നെങ്കിലും ഇന്ത്യൻ ബൗളർമാർ മികവുകാട്ടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാലുവീതംവിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 224 റൺസിന് പുറത്തായിരുന്നു. കരുൺ നായർ ഒഴികെ ഇന്ത്യൻ ബാറ്റർമാർക്കാർക്കും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുൺ 57 റൺസെടുത്ത് പുറത്തായി. ഇം​ഗ്ലണ്ടിനായി ​ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തു. പരമ്പരയിൽ 2-1 ന് ഇം​ഗ്ലണ്ട് മുന്നിലായതിനാൽ ​ഗില്ലിനും സംഘത്തിനും അതിനിർണായകമാണ് ഓവൽ ടെസ്റ്റ്.

മറുപടി ബാറ്റിങ് ആരംഭിച്ച ഇം​ഗ്ലണ്ട് തുടക്കത്തിൽ അതിവേ​ഗം സ്കോറുയർത്തി. ടീം ഏഴോവറിൽ തന്നെ അമ്പതിലെത്തി. പിന്നാലെ തകർത്തടിച്ച ഓപ്പണർമാരായ സാക് ക്രോളിയും ബെൻ ഡക്കറ്റും ഇം​ഗ്ലണ്ടിനെ നൂറിനടുത്തെത്തിച്ചു. ടീം സ്‌കോര്‍ 92-ല്‍ നില്‍ക്കേയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തില്‍ 43 റണ്‍സെടുത്ത ഡക്കറ്റിനെ ആകാശ് ദീപ് പുറത്താക്കി. പിന്നാലെ അര്‍ധസെഞ്ചുറി തികച്ച സാക് ക്രോളിയും പുറത്തായി. 64 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

പിന്നാലെ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തി തിരിച്ചടിച്ചു. ഒല്ലി പോപ്പ്(22), ജോ റൂട്ട്(29), ജേക്കബ് ബെത്തൽ(5) എന്നിവരും പുറത്തായതോടെ ഇം​ഗ്ലണ്ട് 195-5 എന്ന നിലയിലേക്ക് വീണു. പിന്നാലെ ജാമി സ്മിത്തിനെയും(8) ജാമി ഓവർട്ടനെയും(0) പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. അതോടെ ആതിഥേയർ 215-7 എന്ന നിലയിലായി. അർധസെഞ്ചുറി തികച്ച ഹാരി ബ്രൂക്കാണ്(53) ഇം​ഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. ഗസ് ആറ്റികിൻസൺ 11 റൺസെടുത്ത് പുറത്തായി. 247 റൺസിന് ഇം​ഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു.

ആറുവിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച സന്ദർശകർക്ക് തുടക്കത്തിൽ തന്നെ കരുൺ നായരെ നഷ്ടമായി. 57 റൺസെടുത്ത കരുൺ നായരെ ജോഷ് ടങ്ക് എൽബിഡബ്യുവിൽ ‍കുരുക്കി. പിന്നാലെ വാഷിങ്ടൺ സുന്ദറും കൂടാരം കയറി. 26 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ടീം 220-8 എന്ന നിലയിലായി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഡക്കായി മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സ് 224-ൽ അവസാനിച്ചു. ഇം​ഗ്ലണ്ടിനായി ​ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തപ്പോൾ ജോഷ് ടങ്ക് മൂന്ന് വിക്കറ്റെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യദിനം ആതിഥേയർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യൻ ബാറ്റർമാർ നിരനിരയായി കൂടാരം കയറി. യശസ്വി ജയ്സ്വാൾ(2), കെ.എൽ.രാഹുൽ(14), സായ് സുദർശൻ(38), ശുഭ്മാൻ ​ഗിൽ(21), രവീന്ദ്ര ജഡേജ(9) ധ്രുവ് ജുറൽ(19) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്.

മത്സരത്തിൽ 11 റണ്‍സ് നേടിയതോടെ ഗില്‍ പുതിയ റെക്കോഡ് കുറിച്ചിരുന്നു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്. സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79 ല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗില്‍ മറികടന്നത്.

എന്നാൽ 21 റണ്‍സെടുത്ത ഇന്ത്യൻ നായകൻ റണ്ണൗട്ടാകുകയായിരുന്നു. ഗസ് ആറ്റ്കിന്‍സന്റെ പന്തില്‍ സിംഗിളെടുക്കാനുള്ള ശ്രമം പാളി. ഷോര്‍ട്ട് കവറില്‍ പന്തടിച്ച ഗില്‍ ഓടാന്‍ ശ്രമിച്ചെങ്കിലും ഗസ് ആറ്റ്കിന്‍സണ്‍ വേഗത്തില്‍ പന്ത് ഓടിയെടുത്തു. അപകടം തിരിച്ചറിഞ്ഞ ഗില്‍ തിരിച്ചോടിയെങ്കിലും ഫലമുണ്ടായില്ല. ക്രീസിലെത്തുമുന്‍പേ ആറ്റ്കിന്‍സന്റെ ഏറ് കുറ്റിപിഴുതു.

അവസാനമത്സരത്തിൽ തോൽക്കാതിരുന്നാൽ ആൻഡേഴ്‌സൻ-തെണ്ടുൽക്കർ ട്രോഫി ആതിഥേയർക്ക് സ്വന്തമാക്കാം. ഇന്ത്യ ജയിച്ചാൽ 2-2ന് തുല്യതവരും. അപ്പോൾ കിരീടം ആർക്കെന്നകാര്യത്തിൽ അനിശ്ചിതത്വമുണ്ട്. പരമ്പര സമനിലയായാൽ മുൻവർഷത്തെ ജേതാക്കൾ കിരീടം കൈവശംവെക്കുകയാണ് ചട്ടം. 2021-ൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയിലായിരുന്നു. എന്നാൽ, 2019-ൽ ഇംഗ്ലണ്ട് 4-1ന് ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇംഗ്ലണ്ടിനാണ് കിരീടം ലഭിക്കേണ്ടത്. എന്നാലത് പട്ടൗഡി ട്രോഫിയായിരുന്നു. ഇത്തവണമുതൽ പേരുമാറ്റിയാണ് കിരീടം നൽകുന്നത്. അതുകൊണ്ട് ചട്ടം പ്രാവർത്തികമാകുമോയെന്ന് ഉറപ്പില്ല. രണ്ടുടീമുകൾക്കുമായി കിരീടം പങ്കുവെക്കാനാണ് സാധ്യത കൂടുതൽ.