നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിന്മേല്‍ വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച വിധി പറയും. അങ്കമാലി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിക്കുള്ളിലായിരുന്നു വാദം.രാവിലെ 11മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കാനാണ് കോടതി ആദ്യം തീരുമാനിച്ചിരുന്നത്. പ്രോസിക്യൂട്ടര്‍ക്ക് അസൌകര്യം ഉള്ളതിനാല്‍ ഉച്ചയ്ക്ക് ശേഷമാണ് കേസ് പരിഗണിച്ചത്.

കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പൊലീസ് വാദിച്ചത്.

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നെന്നും, ചിത്രങ്ങളെടുക്കാന്‍ മാത്രമായിരുന്നില്ല ദിലീപ് നിര്‍ദേശം നല്‍കിയതെന്നും പൊലീസ് വാദിച്ചു. എന്നാല്‍ നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.