ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിങ്കളാഴ്ച മണിക്കൂറിൽ 124 മൈൽ വേഗതയിൽ വീശിയടിച്ച ഫ്ലോറിസ് കൊടുങ്കാറ്റ് വടക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട് ലൻഡിലും നോർത്തേൺ അയർലൻഡിലും കനത്ത നാശം വിതച്ചു. ജനജീവിതം താറുമാറായി. ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇത് റെയിൽ, വ്യോമ, റോഡ് ഗതാഗതങ്ങൾ പലയിടത്തും സ്തംഭിക്കുന്നതിന് കാരണമായിട്ടുണ്ട്. കൊടുങ്കാറ്റിനെ തുടർന്ന് ലൈനുകളിൽ വീണ മരങ്ങളും മറ്റും നീക്കം ചെയ്യാൻ റെയിൽ ഓപ്പറേറ്റർമാർ പ്രവർത്തിക്കുന്നുണ്ടെന്ന് നെറ്റ്വർക്ക് റെയിൽ സ്കോട്ട്ലൻഡ് അറിയിച്ചു.
സാധ്യമാകുന്നിടത്തെല്ലാം സേവനങ്ങൾ നിലനിർത്തുന്നതിനും വീണ മരങ്ങൾ നീക്കം ചെയ്യുന്നതിനും ജീവനക്കാർ അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്ന് നെറ്റ്വർക്ക് റെയിൽ സ്കോട്ട് ലൻഡിന്റെ റൂട്ട് ഡയറക്ടർ റോസ് മൊറാൻ പറഞ്ഞു. അതേസമയം ന്യൂകാസിൽ മുതൽ വടക്കോട്ടേക്കുള്ള എല്ലാ റെയിൽ സർവീസുകളും ഈസ്റ്റ് കോസ്റ്റ് കമ്പനി നിർത്തിവച്ചു. സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം യെല്ലോ വാണിങ് നിലനിൽക്കുകയാണ്.
A-9, A-96, A-82, A-861, M-77 തുടങ്ങിയ ഹൈവേകളിലെല്ലാം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ലാങ്ക്ഷെയർ, ന്യൂപോർട്ട്, സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരം കടപുഴകി ഗതാഗതം നിലച്ചു. കാറ്റിനൊപ്പം കനത്ത മഴ പെയ്യുന്നത് സ്ഥിതിഗതികളെ കൂടുതൽ മോശമാക്കിയിരിക്കുകയാണ്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ കാരണം കാൽമാക് നടത്തുന്ന ഫെറി സർവീസുകളും നിർത്തിവച്ചു. തിങ്കളാഴ്ച മണിക്കൂറിൽ 124 മൈൽ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്.
Leave a Reply