ആഗോളതലത്തില്‍ സമ്പൂര്‍ണവ്യാപാരയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ട് ഇന്ത്യയുള്‍പ്പെടെ 60-ലേറെ രാജ്യങ്ങള്‍ക്കുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍വന്നു. ഇന്ത്യക്ക് 25 ശതമാനമാണ് യുഎസിന്റെ പകരച്ചുങ്കം.
അതുകൂടാതെ റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായം ചെയ്യുന്നെന്നാരോപിച്ച് കഴിഞ്ഞദിവസം ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധികതീരുവ ഈ മാസം 27-ന് നിലവില്‍വരും.
രണ്ടുംചേര്‍ത്ത് ഇന്ത്യക്ക് ആകെ 50 ശതമാനമാകും യുഎസ് തീരുവ. വിദേശരാജ്യങ്ങള്‍ക്ക് യുഎസ് ചുമത്തിയ തീരുവയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയെക്കൂടാതെ ബ്രസീലിനുമാത്രമാണ് 50 ശതമാനം തീരുവയുള്ളത്. സിറിയക്ക് 41 ശതമാനമാണ് തീരുവ.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള പകരച്ചുങ്കം 50 ശതമാനമായി ഉയര്‍ത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടി യുഎസിലേക്കുള്ള ഇന്ത്യയുടെ 55 ശതമാനംവരെ കയറ്റുമതിയെ നേരിട്ട് ബാധിച്ചേക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ). ഇത് ടെക്സ്‌റ്റൈല്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍ ഉത്പന്ന മേഖലകളില്‍ വലിയ ആഘാതമുണ്ടാക്കും. 50 ശതമാനം തീരുവ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ ചെലവുയര്‍ത്തും. മറ്റു വിപണികളുമായി മത്സരിക്കാനാകാതെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പുറന്തള്ളപ്പെടുമെന്നും എഫ്‌ഐഇഒ ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു.
Leave a Reply