ശരിയേത് തെറ്റേത്? മനുഷ്യൻ എക്കാലവും ചോദിക്കുന്ന ചോദ്യമാണിത്. ഇതിന് ഉത്തരം നൽകുവാനുള്ള വ്യഗ്രതയിൽ നിന്നുമാണ് തത്വശാസ്ത്രങ്ങളും മതങ്ങളും ഉത്ഭവിക്കുന്നത്. എന്നാൽ യുഗങ്ങൾ ഇത്ര കഴിഞ്ഞിട്ടും മനുഷ്യൻ ഈ ചോദ്യത്തിന് അത്യന്തികമായ ഉത്തരം കണ്ടെടുത്തിട്ടുണ്ടോ? ഇല്ല എന്നുള്ളതാണ് സത്യം. കാരണം കാലം മാറുന്നതിനനുസരിച്ച് ഈ ചോദ്യത്തിനുള്ള ഉത്തരവും മാറിവരുന്നു. ഇന്നലത്തെ ശരി ഇന്നത്തെ ശരിയാകണമെന്നില്ല. അതുപോലെ ഇന്നത്തെ ശരി, നാളത്തെ ശരിയും ആകണമെന്നില്ല. എല്ലാം മാറിമറിയുന്ന ഈ ലോകത്തിൽ ശാശ്വതമായ ശരി എന്നൊന്നുണ്ടോ? അപ്പോൾ പിന്നെ നാം എന്താണ് ചെയ്യേണ്ടത്? മുറുകെപ്പിടിക്കുവാൻ ഒരു അവലംബം ഇല്ല. ആകെ ആശയക്കുഴപ്പം. ഈ
ആശയക്കുഴപ്പത്തിൽ നിന്നും മനുഷ്യനെ കരകയറ്റുവാൻ ഈശ്വരന് മാത്രമേ കഴിയൂ. അതുകണ്ടാവണം ഈശ്വരൻ യുഗം തോറും അവതരിക്കുന്നത്. സംഭവാമി യുഗേ യുഗേ എന്നാണല്ലോ പറയുന്നത്. മൂല്യങ്ങൾ പരിണമിക്കുന്നു. ഉദാഹരണത്തിന് ആർഷഭാരത ചിന്തയിൽ സുഖലോലുപതയെയും ഇന്ദ്രിയ പ്രീണനത്തെയും തെറ്റായി ചിത്രീകരിച്ചിരുന്നു. അവർ എല്ലാത്തരം സുഖലോലുപതയിൽ നിന്ന് ഓടി അകന്നിരുന്നു. അല്ലാതെ മോക്ഷ പ്രാപ്തി സാധിക്കുകയില്ല എന്ന് പോലും അവർ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറിയിരിക്കുന്നു. ഇന്നത്തെ ദാർശനികമാർ നേരെ വിരുദ്ധമായി സംസാരിക്കുന്നു. ഉദാഹരണത്തിന് ഓഷോ ഇന്ദ്രിയപരതതയെ മോക്ഷത്തിലേക്കുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായി
ചിത്രീകരിക്കുന്നു. ഇവിടെ ആരു പറയുന്നതാണ് ശരി എന്ന ചോദ്യം ഉയരുന്നു. രണ്ടു കൂട്ടരും ശരി തന്നെ പറയുന്നു. ഏതൊരു ലക്ഷ്യത്തിൽ എത്തിച്ചേരുവാനും കുറഞ്ഞത് രണ്ടു മാർഗ്ഗങ്ങൾ എങ്കിലും ഉണ്ടായിരിക്കും. നമുക്ക് ഇഷ്ടമുള്ള മാർഗ്ഗം തിരഞ്ഞെടുക്കാം. രണ്ടു മാർഗ്ഗങ്ങൾ ഒരേസമയം തിരഞ്ഞെടുക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന് ഉള്ളിലുള്ള ആത്മാവ് ഒന്നു മന്ത്രിക്കുകയും ബാഹ് യോത്മുഖമായി പോകുന്ന മനസ്സ് മറ്റൊന്ന് പറയുകയും ചെയ്യുമ്പോൾ നാം വളരെ എളുപ്പത്തിൽ ആശയക്കുഴപ്പങ്ങളിലേക്ക് വഴുതി വീഴുന്നു. ഇതല്ലേ വാസ്തവത്തിൽ മനുഷ്യന്റെ പ്രശ്നം?
നമ്മുടെ അന്തരീക്ഷം ശബ്ദമുഖരിതമാണ്. പരസ്പര വിരുദ്ധമായ ആശയങ്ങൾ, വാദങ്ങളും വാദപ്രതിവാദങ്ങളും, മനുഷ്യൻ സദാ തർക്കത്തിലാണ്. എന്ത് തിരഞ്ഞെടുക്കണമെന്ന് അറിഞ്ഞുകൂടാ. അഥവാ എന്തെങ്കിലും തെരഞ്ഞെടുത്താൽ തന്നെ അതിൽ പിടിച്ചുനിൽക്കുവാൻ കഴിയുന്നില്ല. നാം ചഞ്ചലമനസ്കരായി പോകുന്നു. മനോ സംഘർഷം മനുഷ്യന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇതാകുന്നു എല്ലാ പ്രശ്നങ്ങളുടെയും കാരണം. അതിനാൽ തന്നെ പരിഹാരവും അവിടെത്തന്നെ കിടക്കുന്നു. ചഞ്ചലഹൃത്തരാകാതെ ഇരിക്കുക. നിങ്ങൾക്ക് ഉചിതമായത് തിരഞ്ഞെടുത്തു കൊള്ളുക. അതായത് നിങ്ങൾ നിങ്ങളായി തന്നെ തുടരുക. നിങ്ങൾ മറ്റൊരാളാകേണ്ടതില്ല. നിങ്ങൾ മറ്റൊരാൾ ആവാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ എല്ലാം ഉദയം കൊള്ളുന്നത്. മറ്റൊരാൾ ആകുവാനുള്ള ഈ വാഞ്ച – ഇതിനെ ആഗ്രഹം എന്ന് വിളിക്കാം.
ആഗ്രഹങ്ങളുടെ കടയ്ക്ക് കത്തിവയ്ക്കുവിൻ. നിങ്ങൾ നിങ്ങളായിത്തീരുവിൻ. ഇതാണ് ശരിക്കുമുള്ള ആത്മസാക്ഷാത്ക്കാരം. ഇതാകുന്നു ആത്മദർശനം.
സ്വാർത്ഥതയാകുന്നു എല്ലാ ദുഃഖങ്ങളുടെയും പ്രശ്നങ്ങളുടെയും കാരണമെന്ന് മതങ്ങളെല്ലാം ഏകകണ്ഠേന ഉദ്ഘോഷിക്കുന്നു. ഇനി എന്താണ് സ്വാർത്ഥത എന്ന് നോക്കാം. മനോസംഘർഷം ആകുന്നു സ്വാർത്ഥത. അതായത് നിങ്ങൾ മനോ സംഘർഷത്തിലേക്ക് വഴുതിവീഴുമ്പോഴാണ് നിങ്ങൾ നിങ്ങളെ കുറിച്ച് തന്നെ ചിന്തിക്കുന്നത്. നിങ്ങൾ നിങ്ങളെ കുറിച്ച് തന്നെ ചിന്തിക്കുമ്പോഴാണ് നിങ്ങൾക്ക് ദുഃഖം ഉണ്ടാകുന്നത്. മനോ സംഘർഷങ്ങളെ ഒഴിവാക്കിയാൽ നിങ്ങൾ പരമാനന്ദത്തിൽ എത്തുന്നു. എന്താണ്
ഇതിനുള്ള മാർഗം? പരസ്പര വിരുദ്ധമായ ആശയങ്ങളെ താലോലി ക്കാതെ ഇരിക്കുവിൻ. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നിങ്ങൾക്ക് വെളിയിൽ നിന്നും വരുന്ന ആശയങ്ങളെ താലോലിക്കാതെ ഇരിക്കുവിൻ. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഗുരു. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഈശ്വരൻ. നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്ന ആശയങ്ങളെയും നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന സത്തയെയും അറിയണമെങ്കിൽ നിങ്ങൾ മറ്റുള്ളവയെല്ലാം പരിത്യജിക്കണം. സത്യം നിങ്ങളുടെ ഉള്ളിലാണ്, പുറത്തല്ല. ഒരിക്കൽ നിങ്ങൾ നിങ്ങളുടെ ഉള്ളിലുള്ള സത്യത്തെ കണ്ടെത്തിയാൽ ആ നിമിഷം തന്നെ നിങ്ങൾ സ്വാതന്ത്ര്യം പ്രാപിക്കുന്നു. പിന്നീട് നിങ്ങൾക്ക് നന്മതിന്മകളെ കുറിച്ച് ദു:ഖിക്കേണ്ടി വരികയില്ല ശരിയെയും തെറ്റിനെയും കുറിച്ച് ദു:ഖിക്കേണ്ടി വരികയില്ല. അതെ,
സ്വാതന്ത്ര്യമാകുന്നു പരമമായ സത്യം. അത് ഒരിക്കലും ബന്ധനമല്ല. പരസ്പര വിരുദ്ധമായ ആശയങ്ങളെ താലോലിക്കുമ്പോൾ നിങ്ങൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു പോകുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് തന്നെ തിട്ടം ഇല്ലാതെ വരുന്നു. ഇതാകുന്നു എല്ലാ പാപങ്ങളുടെയും ജനി. നിങ്ങളുടെ ഉള്ളിൽ സ്പന്ദിക്കുന്ന ഈശ്വരന്റെ മുന്നിൽ പുറമേ നിന്നുള്ള ഗുരുക്കന്മാർ എല്ലാം മൗനം പാലിക്കട്ടെ. നിങ്ങളുടെ ശരി നിങ്ങൾക്ക് മാത്രമേ അറിയൂ. മറ്റാർക്കും അത് അറിഞ്ഞുകൂടാ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply