ന്യൂസ് ഡെസ്ക്, മലയാളം യുകെ
2019-ൽ ബർമിംഗ്ഹാമിൽ വെടിവയ്പ്പ് ശ്രമം നടത്തിയ യുഎസ് വനിതയായ ഐമി ബെട്രോ കൊലപാതക ഗൂഢാലോചനയിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതി. മുഹമ്മദ് നസീറും പിതാവ് മുഹമ്മദ് അസ്ലവും ബിസിനസുകാരനായ അസ്ലത്ത് മഹുമദിനെതിരെ നടത്തിയ പ്രതികാര നടപടിയുടെ ഭാഗമായിരുന്നു ആക്രമണം. 2018-ൽ മഹുമദിന്റെ വസ്ത്രശാലയിൽ നടന്ന ഒരു സംഭവത്തിൽ മുഹമ്മദ് നസീറിനും മുഹമ്മദ് അസ്ലമിനും പരിക്കേറ്റതിനെ തുടർന്നാണ് തർക്കം ആരംഭിച്ചതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ഗൂഢാലോചനയ്ക്ക് മുമ്പ് കാര്യമായ ക്രിമിനൽ പശ്ചാത്തലമില്ലാത്ത പ്രതി ഐമി ബെട്രോ, മുഹമ്മദ് നസീറുമായി ഓൺലൈൻ വഴി സംസാരിക്കുകയും പിന്നീട് ഡെർബിയിൽ വച്ച് ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന തോക്ക് പരീക്ഷിക്കുകയും ചെയ്‌തു. സംഭവദിവസം രാത്രി, നിഖാബ് ഉപയോഗിച്ച് മുഖം മറച്ച പ്രതി, അസ്ലത്ത് മഹുമദിൻെറ കുടുംബ വീടിന് പുറത്ത് പതിയിരുന്ന് അസ്ലത്ത് മഹുമദിന്റെ മകൻ സിക്കന്ദർ അലിയെ വെടിവയ്ക്കാൻ ശ്രമിച്ചു. അടുത്ത ദിവസം, ബെട്രോ ഒരു ടാക്സിയിൽ സംഭവസ്ഥലത്തേക്ക് മടങ്ങിയെത്തി ആളില്ലാത്ത വീട്ടിലേക്ക് മൂന്ന് തവണ വെടിയുതിർത്തു. ഇതിന് പിന്നാലെ അസ്ലത്ത് മഹുമദിൻെറ ഫോണിലേക്ക് ഭീഷണികളും അയച്ചു.
ഏകദേശം 21 മണിക്കൂർ നീണ്ട് നിന്ന വിചാരണയ്‌ക്കൊടുവിലാണ് കൊലപാതക ഗൂഢാലോചന, തോക്ക് ഉപയോഗിച്ചുള്ള കുറ്റങ്ങൾ എന്നിവയിൽ 11-1 ഭൂരിപക്ഷത്തോടെ ഐമി ബെട്രോയെ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്. കൊലപാതക ഗൂഢാലോചനയ്ക്ക് കഴിഞ്ഞ വർഷം മുഹമ്മദ് നസീറിനും ഹമ്മദ് അസ്ലമിനും ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഇവരുടെ ഗൂഢാലോചനയിൽ ഐമി പങ്കാളിയാകാനുള്ള കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ഓഗസ്റ്റ് 21 ന് ഐമിയ്‌ക്കെതിരെ ശിക്ഷ വിധിക്കും.
Leave a Reply