പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ.
പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ വെച്ച് നടക്കും. മൃതദേഹം രാത്രി എട്ട് മണി വരെ എം എൻ സ്മാരകം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഇടുക്കിയിലേക്ക് കൊണ്ടുപോകും.
ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂർ സോമൻ്റെ എതിരാളി. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.
Leave a Reply