കരിങ്ങാംതുരുത്ത് തത്തപ്പള്ളി പുഴയില്‍ ചാടി പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പെൺകുട്ടിക്ക് പ്രണയമുണ്ടായിരുന്നു. ഇതറിഞ്ഞ അധ്യാപകർ പ്രണയത്തിന്റെപേരിൽ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നു. സ്‌കൂള്‍ അധികൃതരുടെ പീഡനവും അധിക്ഷേപവുമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. കൂനമ്മാവ് സെന്റ് ജോസഫ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയെ അധ്യാപകർ പ്രണയബന്ധത്തിന്റെ പേരിൽ കുറ്റപ്പെടുത്തുകയും കളിയാക്കി, മോശമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നാണ് നാട്ടുകാരിൽ ചിലർ ആരോപിക്കുന്നത്. പെണ്‍കുട്ടി കാമുകനുമായി സ്‌കൂളിന് പുറത്തുവച്ച് കാണുകയും മിണ്ടുകയും ചെയ്തത്‌ അധ്യാപകർ കാണുകയും അത് വലിയ വിഷയമാക്കിക്കൊണ്ട് 11 ദിവസത്താളം കുട്ടിയെ ക്ലാസ്സിന് പുറത്ത് നിര്‍ത്തി ശിക്ഷിക്കുകയും ചെയ്തിരുന്നതായാണ് വിവരം ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വരാപ്പുഴയിലെ വീട്ടില്‍ നിന്ന് ഇറങ്ങി പെണ്‍കുട്ടി തത്തപ്പള്ളി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. ചൊവ്വാഴ്ച സ്‌കൂളിലെത്തിയ കുട്ടിയോട് വീട്ടില്‍ നിന്ന് രക്ഷിതാക്കളെയും കൊണ്ട് സ്‌കൂളിലേക്ക് വന്നാല്‍ മതിയെന്ന് പറഞ്ഞ് മടക്കിയയച്ചു. ഇതിനിടെ കാര്യം അധ്യാപകര്‍ വീട്ടില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതിനെച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായെന്നും വിവരമുണ്ട്. അതേസമയം സ്‌കൂളില്‍ നിന്ന് ആ കുട്ടിയെ പറഞ്ഞുവിട്ടിട്ടില്ല. സ്‌കൂളില്‍ 16 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ദിവസം പോലും കുട്ടിയെ ക്ലാസ്സിന് പുറത്ത് നിര്‍ത്തിയിട്ടുമില്ലെന്ന കാര്യം ഇതില്‍ നിന്നും വ്യക്തമാണെന്ന് പി.ടി.എ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടി സ്‌കൂളില്‍ വരാറില്ലായിരുന്നെന്നും. ഒകേ്ടാബര്‍ ആദ്യമാണ് അവസാനം വന്നത്. അന്ന് നാല് മണിക്ക് കുട്ടിയുടെ അച്ഛന്‍ തന്നെ വന്ന് കൂട്ടിക്കൊണ്ട് പോവുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പറയുന്നു. മരിച്ച പെണ്‍കുട്ടിക്ക് പ്രണയബന്ധമുണ്ടായിരുന്നു. അതില്‍ അസ്വസ്ഥരായ അച്ഛനും അമ്മയും തന്നെയാണ് ആ വിവരം സ്‌കൂളില്‍ വന്ന് പറഞ്ഞത്. എന്നാല്‍ അതിന്റെ പേരില്‍ സ്‌കൂളിലെ അധ്യാപകരാരും തന്നെ കുട്ടിയെ ചോദ്യം ചെയ്തിട്ടില്ല. കൗണ്‍സലിങ്ങിന് കൊണ്ടുപോവാന്‍ അച്ഛനോട് ഉപദേശിക്കുകമാത്രമാണ് ചെയ്തത്. കൗണ്‍സലിങ് പൂര്‍ത്തിയാക്കി 16ന് സ്‌കൂളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ അന്ന് ഹര്‍ത്താല്‍ ആയിരുന്നു. പിറ്റേന്ന്, അതായത് ചൊവ്വാഴ്ച കുട്ടിയുടെ അമ്മയാണ് സ്‌കൂളില്‍ എത്തി. കുട്ടിയുടെ അച്ഛന്‍ അവളുമായി അടുപ്പമുള്ളയാളെ പിടികൂടിയിട്ടുണ്ടെന്ന് മാത്രം പറഞ്ഞ് അവര്‍ തിരിച്ചുപോയി. പിന്നീട് കേള്‍ക്കുന്നത് ഈ വാര്‍ത്തയാണെന്നും പിടിഎ പറയുന്നു. കുട്ടിയുമായി ബന്ധപ്പെട്ട സിസിസടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും പറയുന്നു. സംഭവത്തില്‍ പറവൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.