പാലക്കാട്: കോൺഗ്രസ് അനുഭാവിയും ട്രാൻസ്ജെൻഡർ പ്രവർത്തകയുമായ രാഗ രഞ്ജിനി ഉന്നയിച്ച ലൈംഗികാരോപണങ്ങളെ തുടർന്ന് ഡോ. പി. സരിന്റെ ഭാര്യ ഡോ സൗമ്യ സരിൻ മാനനഷ്ടക്കേസുമായി രംഗത്തെത്തി. കഴിഞ്ഞ സെപ്റ്റംബർ 6-നു തന്നെ വക്കീൽ മുഖേന മാനനഷ്ട നോട്ടിസ് അയച്ചതായി സൗമ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഭർത്താവിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, നിയമപരമായി അത് നേരിടാനാണ് തീരുമാനം എന്നും അവര് വ്യക്തമാക്കി.
രാഗ രഞ്ജിനിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരോപണങ്ങൾക്ക് തുടക്കമായത്. അത് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് സാധാരണ മലയാളിക്ക് മനസ്സിലാകുമെന്നും സൗമ്യ അഭിപ്രായപ്പെട്ടു. “ഒരു പൊതു പ്രവർത്തകനെതിരെ ആരോപണങ്ങൾ വരാം, പക്ഷേ അവൻ അതിനെ നേരിടുന്ന രീതി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്,” എന്നും അവര് കുറിച്ചു.
“തെളിവുകൾ ഉണ്ടാക്കുന്നത് എളുപ്പമാണെങ്കിലും ഞങ്ങൾ പേടിക്കില്ല. ഫേക്ക് ആണെങ്കിൽ അത് നിയമപരമായി തെളിയിക്കും,” എന്ന് സൗമ്യ വ്യക്തമാക്കി. ഭർത്താവിനോടുള്ള വിശ്വാസവും പരസ്പര പിന്തുണയുമാണ് ശക്തിയെന്ന് അവര് കൂട്ടിച്ചേർത്തു. സരിനെതിരായ ആരോപണങ്ങൾ കുടുംബം ആത്മവിശ്വാസത്തോടെ നേരിടുമെന്നും അവർ വ്യക്തമാക്കി.
Leave a Reply