കരിക്കിനേത്ത് സില്‍ക്ക്‌സിന്റെ കോട്ടയം ഷോറൂം യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടി. ഇന്നലെ വരെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഇന്ന് രാവിലെ തുറക്കാതിരുന്നത്. മുന്നറിയിപ്പില്ലാതെ കടപൂട്ടിയ മാനേജ്‌മെന്റിന്റെ ക്രൂരതയ്‌ക്കെതിരെ സ്ഥാപനത്തിലെ 140 ഓളം ജീവനക്കാര്‍ സമരം ചെയ്യുകയാണ്. അടച്ചിട്ട കടയുടെ മുന്നില്‍ കുത്തിയിരുന്നാണ് ജീവനക്കാരുടെ സമരം.

സ്ഥാപനത്തിന് സാമ്പത്തിക പ്രാരാബ്ധങ്ങള്‍ ഉള്ളതായുള്ള സൂചനകള്‍ നേരത്തെ മാനേജ്‌മെന്റിന്റെ ഭാഗത്ത്‌നിന്ന് ഉണ്ടായിരുന്നെങ്കിലും കടപൂട്ടുമെന്ന കാര്യത്തില്‍ മുന്നറിയിപ്പോ നോട്ടീസോ മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നില്ല. ശമ്പളം, പിഎഫ് ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് നല്‍കാനുള്ള സാമ്പത്തിക ഇടപാടുകള്‍ മുടക്കം വരുത്തിയാണ് ഇപ്പോള്‍ ഷോറൂം അടച്ചു പൂട്ടിയിരിക്കുന്നത്. ഇന്ന് രാവിലെ ജോലിക്ക് വന്നപ്പോള്‍ മാത്രമാണ് കട അടച്ചിട്ടിരിക്കുകയാണെന്ന കാര്യം ജീവനക്കാര്‍ അറിയുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണിത്. ആദ്യ കാലങ്ങളില്‍ പിഎഫ് അടച്ചിരുന്നെങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷമായി ജീവനക്കാരുടെ പിഎഫ് അടച്ചിരുന്നില്ല.

ഓര്‍ത്തഡോക്‌സ് സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സഭയ്ക്ക് വാടക നല്‍കിയിട്ടില്ല. വാടകയിനത്തില്‍ 15 ലക്ഷത്തോളം രൂപയാണ് കരിക്കിനേത്ത് സഭയ്ക്ക് നല്‍കാനുള്ളത്. ഇത്തരം സാമ്പത്തിക പ്രതിസന്ധികള്‍ കൂടി വന്നപ്പോഴാണ് ഷോറൂം അടച്ചത്.