നിറപറയും നിലവിളക്കും ഒരുപിടി തുമ്പപ്പൂക്കളും മനസ്സിൽ നിറച്ചു മലയാളത്തിന്റെ ഗൃഹാതുരത്വത്തെ ഉണർത്തുന്നതായിരുന്നു സ്വിൻഡൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘോഷം.

സ്വിൻഡനിലെ ഹൂക്ക് വില്ലേജ് ഹാളിൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് സംഘടിപ്പിച്ച ഓണാഘോഷം, പൂക്കളവും ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തച്ചുവടുകളുമായി വൈവിധ്യമാർന്ന ആഘോഷമായിരുന്നു സ്വിൻഡൻ കേരളാ സോഷ്യൽ ക്ലബിന്റേത്. സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും ഐക്യത്തിന്റെയും നവ്യാനുഭൂതികൾ പകരുന്ന ഓണാഘോഷപരിപാടിയുടെ ഉത്ഘാടനം ഫാ. സജി നീണ്ടൂർ ഭദ്രദീപം തെളിയിച്ചു നിർവഹിക്കുകയുണ്ടായി. സ്വിൻഡൻ കേരളാ സോഷ്യൽ ക്ലബ് എക്സിക്യൂട്ടീവ് ഭാരവാഹികളായ സോണി കാച്ചപ്പിള്ളി, ജോർജ് തോമസ്, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, അഗസ്റ്റിൻ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചെണ്ടമേളത്തിനൊപ്പം താളമേളങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടികളോടുകൂടെയുള്ള മാവേലി തമ്പ്രാന്റെ എഴുന്നള്ളത്തു ഏവർക്കും ഹൃദ്യാനുഭവമായിമാറി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ക്ലബ്ബിന്റെ പ്രസിഡണ്ട് ശ്രീ സോണി കാച്ചപ്പിള്ളി അധ്യക്ഷനായി. ക്ലബ്ബിന്റെ ജനറൽ സെക്രട്ടറി ശ്രീ ജോർജ് തോമസ് ഏവർക്കും സ്വാഗതം ആശംസിച്ചു സംസാരിക്കുകയുണ്ടായി. സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ ഓണാഘോഷം നമ്മുടെ ക്ലബിന് കൂടുതൽ കരുത്തും ഊർജവും പകരട്ടെയെന്നും സമത്വ സുന്ദരമാർന്ന നല്ല നാളുകളെ ഏറെ പ്രതീക്ഷയോടെ നമുക്കു വരവേൽക്കാമെന്നും സ്വാഗതം ആശംസിച്ചുകൊണ്ട് ശ്രീ ജോർജ് തോമസ് സംസാരിക്കുകയുണ്ടായി.

ക്ലബ്ബിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളും ആഘോഷങ്ങളും ഏറെ അവസ്മരണീയമാണെന്നും, സ്വിൻഡനിൽ മാത്രമല്ല യുകെ യിലെമ്പാടും ക്ലബ്ബിന്റെ ഖ്യാതി ഏറെ പ്രശംസനീയമാണെന്നും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് നമ്മുടെ ക്ലബ്ബ് മുന്നേറണമെന്നും, ക്ലബ്ബിന്റെ മുന്നോട്ടുള്ള കാഴ്ചപ്പാടുകളും മറ്റുപ്രവർത്തനരീതികളും പ്രതിപാദിച്ചുകൊണ്ട് പ്രസിഡണ്ട് ശ്രീ സോണി കാച്ചപ്പിള്ളി ഏവർക്കും ഓണാശംസകൾ നേർന്ന് സംസാരിക്കുകയുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാവരും ഒത്തൊരുമയിലും സ്നേഹത്തിലും നിലകൊള്ളുന്ന SKSC കുടുംബത്തോടൊപ്പം ഈ വർഷത്തെ ഓണം ആഘോഷിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനകാരവുമാണെന്ന് ഫാ സജി നീണ്ടൂർ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള മലയാളികളുടെ ഉത്സവമായ ഓണം, അതിന്റെ യഥാർത്ഥ അർത്ഥവും വ്യാപ്തിയും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കണമെന്നും സാഹോദര്യവും ഐക്യവും മുറുകെപ്പിടിക്കണമെന്നും ഫാ സജി നീണ്ടൂർ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയുണ്ടായി. തുടർന്ന് എല്ലാ അംഗങ്ങൾക്കും ഓണക്കോടി വിതരണം ചെയ്യുകയുണ്ടായി.

പരിപാടികളെ ഏറെ സമയബന്ധിതമായും കൃത്യതയോടെയും വളരെ മനോഹരമായി കോഡീകരിക്കുകയും അതിന് മേൽനോട്ടം വഹിക്കുകയും ചെയ്തത് ക്ലബ്ബിന്റെ ട്രഷറർ ശ്രീ പ്രദീഷ് ഫിലിപ്പും ജോയിന്റ് സെക്രട്ടറി ശ്രീ അഗസ്റ്റിൻ ജോസഫും ചേർന്നാണ്. ഇരുവരും ഓണത്തിന്റെ ആശംസകൾ നേർന്ന് സംസാരിച്ചു.

തുടർന്ന് വാശിയേറിയ വടംവലിമത്സരം, വിവിധങ്ങളായ ഓണക്കളികൾ, മറ്റു കലാപരിപാടികൾ ഡിജെ എന്നിവയ്ക്കു നേതുത്വം നൽകിയത് ജയേഷ് കുമാർ, ഹരീഷ് കെ പി എന്നിവരുടെ നേതുത്വത്തിലാണ്. യുണൈറ്റഡ് കൊച്ചി ഒരുക്കിയ രുചികരവും വിഭവസമൃദ്ധവുമായ ഓണസദ്യയോടെ SKSC യുടെ ഇക്കൊല്ലത്തെ വിപുലമായ ഓണാഘോഷങ്ങൾക്ക് പരിസമാപ്തിയായി. ഓണാഘോഷങ്ങളുടെ നിറമുള്ള നിമിഷങ്ങൾ ഒപ്പിയെടുത്തത് യുകെയിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫേഴ്സ് ആയ ബെറ്റെർഫ്രയിസ് ഫോട്ടോഗ്രഫിയാണ്.

വൈസ് പ്രസിഡന്റ് ശ്രീ സജി മാത്യു ഏവർക്കും നന്ദി പറഞ്ഞു സംസാരിക്കുകയുണ്ടായി.