ഡൽഹിയിൽ ഏഴ് മെട്രോ സ്റ്റേഷനുകള്‍ ഡിഎംആർസി അടച്ചിട്ടത് ഊഹപ്രചാരണങ്ങൾക്ക് കാരണമായി. ഡൽഹിയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുന്നതായുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പ്രചരിച്ചത്. സ്റ്റേഷനുകൾ അടയ്ക്കുന്ന വിവരം ട്വിറ്ററിലൂടെ ഡിഎംആർസി സ്ഥിരീകരിക്കുകയുണ്ടായി. നാങ്ഗ്ലോയി, സുരാജ്മൽ സ്റ്റേഡിയം, ബദാർപൂർ, തുഗ്ലകാബാദ്, ഉത്തംനഗർ വെസ്റ്റ്, നവാദ എന്നീ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. ഏറ്റവും പുതിയ ട്വീറ്റ് പറയുന്നത് സ്റ്റേഷനുകൾ തുറന്നുവെന്നാണ്.

രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ട്വിറ്ററിൽ നിറയുന്നതിനിടയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കമ്മീഷണർ രംഗത്തെത്തി. ‘ഊഹാപോഹങ്ങളാണ് വലിയ ശത്രു’ എന്നദ്ദേഹം കുറിച്ചു. ഖയാല, രഘൂബീർ നഗർ പ്രദേശത്ത് പ്രശ്നമുണ്ടെന്ന് ഊഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അതിൽ സത്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെ തിങ്കളാഴ്ചയായതിനാൽ ഡിഎംആർസി അതീവ ജാഗ്രത പുലർത്തുന്നതാകാം ഊഹപ്രചാരണങ്ങൾക്കു പിന്നാലെ സ്റ്റേഷനുകൾ അടച്ചിടാൻ കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

രജൗരി ഗാർഡൻസ് മാൾ അടച്ചിട്ടതായി വിവരമുണ്ട്. രജൗരിയിലും സുഭാഷ് നഗറിലും തിലക് നഗറിലും മാർക്കറ്റുകൾ അടച്ചു. ഇതെല്ലാം മുന്‍കരുതൽ നടപടിയെന്നാണ് പൊലീസ് പറയുന്നത്.

പല സ്ഥലങ്ങളിലും ഊഹങ്ങൾ മൂലം ആക്രമണങ്ങളുണ്ടായതായും വിവരമുണ്ട്. ആക്രമണം വരുമെന്ന ഭീതിയിൽ ചിലർ സംഘടിച്ച് ആക്രമണം സംഘടിപ്പിക്കുന്നതായാണ് വിവരം.