സീനിയർ വിദ്യാർഥിയെന്ന വ്യാജേന മെസേജുകൾ അയച്ച് സൗഹൃദത്തിലാകും, വാട്സാപ്പിലൂടെ അശ്ലീല വിഡിയോകളും മെസേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശിയെ കോഴിക്കോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. തേക്കുംകര പുന്നപ്പറമ്പ് താഴത്തുവീട്ടിൽ ടി.കെ.സംഗീത് കുമാറാണ് (29) അറസ്റ്റിലായത്. ഫെയ്സ്ബുക്കിൽ നിന്നാണ് ഇയാൾ പെൺകുട്ടികളുടെ വിവരം ശേഖരിക്കുക.
കോളജിലെ സീനിയർ വിദ്യാർഥിയെന്ന വ്യാജേന മെസേജുകൾ അയച്ച് സൗഹൃദത്തിലാകും. വാട്സാപ്പിൽ ഗ്രൂപ്പുകൾ നിർമിച്ചും പിന്നീട് നേരിട്ടും ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വിഡിയോകളും ഫോട്ടോകളും ലൈംഗിക പരാമർശത്തോടു കൂടിയ മെസേജുകളും ഇയാൾ അയച്ചിരുന്നു.
ഇയാളുടെ പക്കൽനിന്ന് ഇതിനായി ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തു. പ്രതിക്കെതിരെ കൊല്ലം ജില്ല ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലും തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്ത കേസുകൾ അടക്കം സമാനമായ ഒട്ടേറെ പരാതികൾ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.
സൈബർ ക്രൈം പൊലീസ് അസി. കമ്മിഷണർ ജി.ബാലചന്ദ്രന്റെ നിർദേശപ്രകാരം കോഴിക്കോട് സിറ്റി സൈബർ സെൽ ഇയാളുടെ ഫോൺ നമ്പറുകളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഫെബിൻ, സിപിഒമാരായ ഷമാന അഹമ്മദ്, വി.ബിജു, മുജീബ് റഹ്മാൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Leave a Reply