ലോക കാലാവസ്ഥാ ദിനത്തിൽ കുളം വൃത്തിയാക്കാനിറങ്ങി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മരുതുംകുഴിയിലെ കുളത്തിലാണ് പ്രചാരണത്തിനിടെ കുമ്മനം ഇറങ്ങിയത്.

നശിച്ച് കൊണ്ടിരിക്കുന്ന പ്രകൃതിയെക്കുറിച്ചായിരുന്നു രാവിലെ കവടിയാർ കൊട്ടാരത്തിൽ സന്ദർശനം നടത്തിയ ശേഷം സ്ഥാനാർഥിക്ക് പറയാനുണ്ടായിരുന്നത്. ശേഷം കാഴ്ച ഇതായിരുന്നു. കാവി മുണ്ട് കയറ്റിക്കെട്ടി, വെള്ള ബനിയനില്‍ തനിനാടൻ ലുക്കിൽ കുമ്മനം കുളത്തിലെ വെള്ളത്തിലേക്കിറങ്ങി.

സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്ന പ്രവർത്തകരും വെള്ളത്തിൽ ചാടി.ചിറ്റാറ്റിൻകര കോട്ടൂർകോണം കുളത്തിലെ ആന്പൽ വള്ളികളും മാലിന്യങ്ങളും ചാക്കിലേക്ക് നിറച്ചു. കുളത്തിലെ വെള്ളത്തിൽ മാത്രല്ല, കുളം പരിസരം വൃത്തിയാക്കാൻ കുമ്മനം തൂന്പയുമെടുത്തു.

എല്ലാം കഴിഞ്ഞ് രണ്ട് പ്ലാവിൻ തൈകളും നട്ടശേഷം തിരിച്ചെത്തിയ കുമ്മനത്തിനും കൂട്ടർക്കും ക്ഷീണമകറ്റാൻ ചക്കപ്പുഴുക്ക്. ഇതുവരെ ക്ഷേത്രങ്ങളിലും കോളേജുകളിലും സ്ഥാനാർത്ഥികളെ കണ്ട വോട്ടർമാക്ക് കൗതുകമായിരുന്നു കുളത്തിലിറങ്ങിയ കുമ്മനം.