യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കൂടുതൽ രൂക്ഷമാകുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ഒ.ജെ. ജനീഷിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കാൻ അബിൻ വർക്കി ഇന്ന് രാവിലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. അധ്യക്ഷനാക്കാത്തതിൽ ഐ ഗ്രൂപ്പിന് അമർഷമുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
പുതിയ ഭാരവാഹികളെ ഗ്രൂപ്പ് താൽപ്പര്യങ്ങളും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് പ്രഖ്യാപിച്ചത്. ഒജെ ജനീഷിനൊപ്പം കെ.സി വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെ പുതിയ വർക്കിങ് പ്രസിഡന്റായും നിയമിച്ചു. പ്രസിഡന്റാവുമെന്ന് കരുതിയ അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരാക്കി. സംഘടനാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ വൈസ് പ്രസിഡന്റായതിനാൽ പ്രസിഡന്റ് സ്ഥാനം സ്വാഭാവികമായും തനിക്കെന്ന നിലപാടിൽ അബിൻ വർക്കി അനുയായികളും ഉറച്ചുനിന്നിരുന്നു.
എ ഗ്രൂപ്പും ഐ ഗ്രൂപ്പും കെ.സി ഗ്രൂപ്പും തമ്മിലുണ്ടായ ശക്തമായ ബലപരീക്ഷണങ്ങൾക്കൊടുവിലാണ് ഒ.ജെ. ജനീഷിന്റെ പേര് സമവായമായി മുന്നോട്ടുവന്നത്. തർക്കം തീർക്കാനായി സംഘടനാ ചരിത്രത്തിൽ ആദ്യമായാണ് വർക്കിങ് പ്രസിഡന്റിന്റെ സ്ഥാനം സൃഷ്ടിച്ചത്. ബിനു ചുള്ളിയിലിനെ ആ പദവിയിലേക്ക് കെ.സി വേണുഗോപാൽ പക്ഷം കൊണ്ടുവന്നപ്പോൾ, കെ.എം. അഭിജിത്തിനെയും അബിൻ വർക്കിയെയും ദേശീയ സെക്രട്ടറിമാരാക്കി സമതുലിത നിലപാട് സ്വീകരിച്ചു. ഈ നീക്കത്തിലൂടെ എ, ഐ, കെ.സി ഗ്രൂപ്പുകൾക്കും ഷാഫി പറമ്പിൽ വിഭാഗത്തിനും തൃപ്തികരമായ പരിഹാരമെന്ന നിലയിലാണ് അന്തിമ തീരുമാനം.
Leave a Reply