ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ സജി ചെറിയാന് ശ്രമിച്ചെന്നും, പുറത്താക്കി എന്ന് പറഞ്ഞ് ചിലർ പടക്കം പൊട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ആ ആഘോഷങ്ങളിൽ സജി ചെറിയാനും പങ്കാളിയായിരുന്നുവെന്ന് സുധാകരൻ ആരോപിച്ചു. സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണമെന്നും, “പാർട്ടിയാണ് എന്നെ കുറിച്ച് നല്ലത് പറയേണ്ടത്, വ്യക്തികളല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
സജി ചെറിയാന്റെ കൂട്ടുകാരാണ് തന്നെ ബിജെപിയിലേക്ക് വിടാൻ ശ്രമിച്ചതെന്നും ജി സുധാകരൻ ആരോപിച്ചു. “തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. തന്നോട് ഏറ്റുമുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല, അത് നല്ലതിനല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. “പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനൊരു പാർട്ടിവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ വന്ന പരാതികൾക്ക് പിന്നിൽ സജി ചെറിയാനാണ് എന്നും അദ്ദേഹം പറഞ്ഞു . “സജി ചെറിയാൻ അറിയാതെ പരാതി പോകുമോ? പാർട്ടിക്ക് യോജിക്കാത്ത പ്രസ്താവനകൾ പലതും നടത്തിയിട്ടും സജിക്കെതിരെ നടപടി ഉണ്ടായിട്ടില്ല. എനിക്കു ഉപദേശം നൽകാൻ അദ്ദേഹത്തിന് അർഹതയില്ല; അതിനുള്ള പ്രായമോ യോഗ്യതയോ ഇല്ല,” എന്നും ജി സുധാകരൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു.
Leave a Reply