ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഡിൻബറോ ∙ സ്കോട്ട് ലൻഡിൽ താമസിക്കുന്ന മലയാളി ഷബിന് അരയാൻതോപ്പിൽ (45) നിര്യാതനായി. ടോൺസിലൈറ്റിസ് മൂലമുണ്ടായ കടുത്ത അണുബാധയെ തുടർന്ന് എഡിൻബറോ റോയൽ ഇൻഫെർമറി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു അന്ത്യം.
കോഴിക്കോട് സ്വദേശിയായ ഷബിന് കഴിഞ്ഞ രണ്ട് വർഷമായി കുടുംബത്തോടൊപ്പം യുകെയിൽ താമസിക്കുകയായിരുന്നു. സേഫ്റ്റി എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. പ്രൊഫഷണൽ ബാഡ്മിന്റൺ കോച്ചായും പ്രവർത്തിച്ചിരുന്ന ഷബിന് എഡിൻബറോയിലെ കൈരളി യുകെ യൂണിറ്റിന്റെ സജീവ പ്രവർത്തകനുമായിരുന്നു.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി അദ്ദേഹം മൂന്ന് മാസം മുൻപ് നാട്ടിലെത്തിയിരുന്നു . അതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ പിടികൂടിയത്.
ഭാര്യ: രേഖ (ടിസിഎസ് പ്രോജക്ട് മാനേജർ). മക്കൾ: ആദി, ഇഷാന.
മൃതസംസ്കാരത്തിന്റെ കൂടതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ നടക്കുകയാണ്.
ഷബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply