ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കൊറോണയുടെ ആക്രമണത്തിന് മുൻപ് തന്നെ നഴ്സുമാർ കുറവുണ്ടായിരുന്ന NHS, കൊറോണ വൈറസിന്റെ പകർച്ചയോടെ വലിയ സമ്മർദ്ദത്തിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്. ജോലി ഭാരം താങ്ങാനാവാതെ പല നഴ്സുമാരും NHS ജോലി തന്നെ ഉപേക്ഷിച്ചു ഏജൻസിയിൽ ശരണം പ്രാപിച്ചു. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ശമ്പള വർദ്ധനവുമായി എതിർപ്പുകളുടെ വേലിയേറ്റമാണ് നടന്നു കൊണ്ടിരിക്കുന്നത്. ശമ്പള വർദ്ധനവ് സംബദ്ധമായി എടുത്ത തീരുമാനം പാർലമെന്റിൽ വോട്ടിനിടാൻ പ്രതിപക്ഷനേതാണ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് എന്ത് വിലകൊടുത്തും നഴ്സുമാരുടെ കുറവ് നികത്താൻ യുകെ സർക്കാർ തീരുമാനം എടുത്തത്.

കഴിഞ്ഞ 10 മാസത്തിനുള്ളിൽ 8,000ത്തിലേറെ വിദേശ നഴ്സുമാരെ നിയമിച്ച് എൻ എച്ച് എസ്. കഴിഞ്ഞ വർഷം കോവിഡിന്റെ ആദ്യ തരംഗത്തിനുശേഷം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഹെൽത്ത് സർവീസ് മേധാവികൾ ഒരുങ്ങിയിരുന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ അവരെ ശുശ്രൂഷിക്കാൻ ആവശ്യമായ നേഴ്സുമാർ ഇല്ലാതെവന്നു. കൊറോണ വൈറസ് സമയത്ത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നേഴ്‌സുമാരെ വലിയ തോതിൽ റിക്രൂട്ട് ചെയ്യുന്നത് ധാർമ്മികമായി തെറ്റാണെന്ന് മുദ്രകുത്തപ്പെട്ടു. ആ സമയത്ത് ലോകത്തിൽ 60 ലക്ഷം നേഴ്‌സുമാരുടെ കുറവാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയത്. ഏപ്രിൽ മുതൽ ജനുവരി വരെ 8,100 വിദേശ നേഴ്‌സുമാർ എൻ‌എച്ച്‌എസ് ട്രസ്റ്റുകളിൽ ചേർന്നു. പ്രതിമാസം 1,000 നേഴ്‌സുമാരെ കൊണ്ടുവരാനാണ് എൻ എച്ച് എസ് ലക്ഷ്യമിടുന്നത്.

തീവ്രപരിചരണ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നേടിയ 300ത്തിലധികം നേഴ്സുമാർ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇംഗ്ലണ്ടിലെ ആശുപത്രികൾക്ക് എൻ‌എച്ച്എസ് ഇംഗ്ലണ്ട് 28 മില്യൺ പൗണ്ട് ധനസഹായം നൽകിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യാത്രാ നിയന്ത്രണം നീക്കിയതിന് ശേഷം 240 അന്താരാഷ്ട്ര നേഴ്‌സുമാരെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഫൗണ്ടേഷൻ ട്രസ്റ്റ്‌ യുകെയിൽ എത്തിച്ചു. മാർച്ച് അവസാനത്തോടെ 180 പേർ കൂടി എത്തിച്ചേരും. തീവ്രപരിചരണം, ഓപ്പറേഷൻ തീയറ്ററുകൾ തുടങ്ങിയവയിൽ ജോലി ചെയ്യുന്നതിനായി ഓരോ വർഷവും 360 വിദേശ നഴ്‌സുമാരെ നിയമിക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.

തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്യാൻ ഇന്ത്യയിൽ നിന്നുള്ള മുപ്പത് നേഴ്‌സുമാർ ഫെബ്രുവരിയിൽ മിഡ് ആൻഡ് സൗത്ത് എസെക്‌സ് എൻഎച്ച്എസ് ട്രസ്റ്റിൽ ചേർന്നുവെന്ന് ഇംഗ്ലണ്ടിലെ ചീഫ് നേഴ്‌സ് റൂത്ത് മേ പറഞ്ഞു. 40 തിൽ പരം നഴ്സുമാർ സ്റ്റോക്ക് ഓൺ ട്രെന്റിൽ അടുത്തമാസം മാസത്തിൽ എത്തുന്നു.  നൂറിലധികം മലയാളി നഴ്സുമാർ ആണ് ഈ വർഷം സ്റ്റോക്ക് ഓൺ ട്രെന്റിൽ മാത്രമായി എത്തുന്നത്.

കൊറോണ വൈറസ് പകർച്ചവ്യാധിക്ക് മുമ്പ് എൻ‌എച്ച്‌എസിൽ 40,000 നേഴ്‌സ് ഒഴിവുകൾ ഉണ്ടായിരുന്നതിനാൽ ഏപ്രിൽ മുതൽ ഒരു ശതമാനം ശമ്പള വർദ്ധനവ് മാത്രമേ നൽകൂ എന്ന് സർക്കാർ വാദിച്ചിരുന്നു. കൊറോണ വൈറസിന് ശേഷം എൻ‌എച്ച്‌എസിൽ ഉള്ള നേഴ്‌സുമാരുടെ എണ്ണം ഉയർന്നെങ്കിലും നിലവിലുള്ള ജീവനക്കാരെ നിലനിർത്താൻ ഗണ്യമായ ശമ്പള വർദ്ധനവ് ആവശ്യമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് (ആർ‌സി‌എൻ) അറിയിച്ചു.