സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇനി മുതൽ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർക്കും ഒരേ ഷിഫ്റ്റ്; കിടക്കകളുടെ എണ്ണം നോക്കാതെ 6–6–12 സമയം നിർബന്ധം. ഉത്തരവിറക്കി തൊഴിൽ വകുപ്പ് നേഴ്സുമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും ഒരേ ഷിഫ്റ്റ് ക്രമം നിർബന്ധമായിരിക്കും. കിടക്കകളുടെ എണ്ണം നോക്കാതെ 6–6–12 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന സർക്കാർ ഉത്തരവാണ് ഇതിലൂടെ വന്നത്. ഇതുവരെ 100 കിടക്കയിലധികമുള്ള ആശുപത്രികളിലാണ് ഈ സംവിധാനം പ്രാബല്യത്തിലുണ്ടായിരുന്നത്. ഇതോടെ സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും നേഴ്സുമാർക്ക് ഒരേ ജോലിസമയം ഉറപ്പായി.
നേഴ്സുമാരുടെ സമരത്തെ തുടർന്ന് 2012ൽ മുൻ ജോയിന്റ് ലേബർ കമ്മീഷണർ വി.വീരകുമാർ അധ്യക്ഷനായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശ പ്രകാരം 100 കിടക്കയിലധികമുള്ള ആശുപത്രികളിൽ മാത്രമായിരുന്നു ആദ്യം ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയത്. എന്നാൽ അടുത്തിടെ വ്യവസായബന്ധ സമിതിയുടെ യോഗത്തിൽ കിടക്കകളുടെ എണ്ണം പരിഗണിക്കാതെ തന്നെ ഈ സംവിധാനം എല്ലാ ആശുപത്രികളിലും നടപ്പാക്കണമെന്ന് തീരുമാനിച്ചു. ലേബർ കമ്മീഷണറുടെ ശുപാർശ അനുസരിച്ച് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി.
ഉത്തരവനുസരിച്ച് അസമയങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിശ്രമമുറി ഒരുക്കാനും അധികസമയം ജോലിചെയ്യുന്നവർക്ക് ഓവർടൈം അലവൻസ് നൽകാനും ആശുപത്രികൾ ബാധ്യസ്ഥരാണ്. മാസത്തിൽ 208 മണിക്കൂറിലധികം ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ഓവർടൈം അലവൻസ് ലഭിക്കുക. നേഴ്സുമാരുടെ മിനിമം വേജസ് സംബന്ധിച്ച കേസ് ഇപ്പോഴും കോടതിയിൽ തുടരുന്നതിനാൽ അലവൻസ് തുക സംബന്ധിച്ച് വ്യക്തതയില്ല. എങ്കിലും സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ തൊഴിൽനിബന്ധനകൾ ഏകീകരിക്കുന്നതിൽ ഈ ഉത്തരവ് ചരിത്രപരമായ മാറ്റമായി കണക്കാക്കപ്പെടുന്നു.
Leave a Reply