തിമിംഗലത്തിന്റെ ആണെങ്കിലും കൊള്ളാം, എന്ത് ജീവിയുടെ ആണെങ്കിലും കൊള്ളാം ഛര്‍ദ്ദില്‍ ആണല്ലോ സംഗതി. അയ്യേ, അപ്പോള്‍ പിന്നെ കൂടുതലൊന്നും പറയേണ്ട എന്ന ലൈനാണോ. എന്നാല്‍ അങ്ങനങ്ങ് പോകാന്‍ വരട്ടേ. ഇതിന്റെ വില കൂടിയൊന്ന് കേള്‍ക്കണം. അതോടെ സകല അറപ്പും മാറിക്കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

തായ്‌ലാന്‍ഡിലെ ഒരു കടല്‍ത്തീരത്ത് നിന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അമ്പത്തിയഞ്ചുകാരനായ ജുംറസ് തിയോഖട്ട് എന്ന മത്സ്യത്തൊഴിലാളിക്ക് ഇത് ലഭിക്കുന്നത്. ആദ്യം സംഗതി എന്താണെന്ന് മനസിലായില്ല. തുടര്‍ന്ന് ഇദ്ദേഹം ഇതെപ്പറ്റി വിശദമായി അന്വേഷിച്ചു. അങ്ങനെയാണ് സംഭവം അല്‍പം വിലപിടിപ്പുള്ളതാണെന്ന് മനസിലായത്.

അങ്ങനെ ബന്ധപ്പെട്ട അധികൃതരെയെല്ലാം ജുംറസ് വിവരമറിയിച്ചു. അവര്‍ സാമ്പിള്‍ ശേഖരിക്കുകയും വിശദമായ പരിശോധനയ്ക്ക് അത് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് മാസങ്ങളോളം ഒരു വിവരവുമില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച പെടുന്നനെ അവര്‍ ജുംറസിനെ ബന്ധപ്പെട്ടു.

എണ്ണത്തിമിംഗലത്തിന്റെ സ്രവമാണ് ജുംറസിന്റെ പക്കലുള്ളതെന്നും, അത് തങ്ങള്‍ക്ക് നല്‍കണം, തക്കതായ വില തിരിച്ചും തരാന്‍ തയ്യാറാണെന്നും അവരറിയിച്ചു. ആറ് കിലോയും 350 ഗ്രാമും തൂക്കമുള്ള കട്ടപിടിച്ച സ്രവമായിരുന്നു അത്. വിലയിട്ടപ്പോള്‍ ഏതാണ്ട് 2 കോടി 26 ലക്ഷം രൂപ.

ഹാവൂ, വാര്‍ത്ത കേട്ട തീരവാസികളെല്ലാം അമ്പരന്ന മട്ടിലാണ്. ജുംറസിനും അവിശ്വസനീയത മാറിയിട്ടില്ല. കടല്‍ നല്‍കിയ സമ്മാനമാണിതെന്നാണ് ഇദ്ദേഹം പറയുന്നത്. ‘കടലിലെ നിധി’, ‘ഒഴുകുന്ന സ്വര്‍ണം’ എന്നെല്ലാം അറിയപ്പെടുന്ന സാധനമാണത്രേ ഈ സ്രവം. പെര്‍ഫ്യൂം നിര്‍മ്മിക്കാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. ഗന്ധമില്ലാത്ത ഒരു തരം ആല്‍ക്കഹോള്‍ അടങ്ങിയതാണ് ഈ സ്രവം. ഇതാണ് പെര്‍ഫ്യൂം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതത്രേ.