ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത 8000 ത്തോളം സ്‌കൂളുകൾ രാജ്യത്തുണ്ടെന്ന് സര്‍ക്കാര്‍ കണക്ക്. ഈ അധ്യയന വര്‍ഷം ഇത്രയും സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും ചേര്‍ന്നിട്ടില്ലെങ്കിലും ഇവിടങ്ങളിലായി 20,817 അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു.

2024-25-ലെ സാമ്പത്തിക സർവേ പ്രകാരം ഇന്ത്യയിലുടനീളം 14.72 ലക്ഷം സ്കൂളുകളാണുളളത്. ഇവിടങ്ങളിലായി 24.8 കോടി വിദ്യാർഥികളും 98 ലക്ഷം അധ്യാപകരുമുണ്ടെന്നും ജനുവരിയിൽ ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ സൂചിപ്പിച്ചിരുന്നു.

സീറോ എൻറോൾമെൻ്റുള്ള സ്കൂളുകളുടെ (ഒരു കുട്ടി പോലും പുതുതായി ചേർന്നിട്ടില്ലാത്ത സ്കൂളുകൾ) എണ്ണത്തിൽ പശ്ചിമ ബംഗാളാണ് മുന്നിൽ. ഒരു കുട്ടി പോലും പുതുതായി പഠിക്കാനെത്താത്ത 3,812 സ്കൂളുകളിൽ 17,965 അദ്ധ്യാപകരാണുള്ളത്.

2,245 സ്കൂളുകളിൽ 1,016 അധ്യാപകരുമായി തെലങ്കാനയാണ് രണ്ടാമത്‌. മധ്യപ്രദേശിൽ ഒരു കുട്ടി പോലും പുതുതായി ചേരാത്ത 463 സ്കൂളുകളും 223 അധ്യാപകരുമുണ്ട്. ഉത്തർപ്രദേശിൽ 81 സ്കൂളുകളാണ് ഇത്തരത്തിലുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സീറോ എൻറോൾമെൻ്റുള്ള സ്കൂളുകളുടെ എണ്ണം കുത്തനെ കുറഞ്ഞതായും പിടിഐ റിപ്പോർട്ടിൽ പറയുന്നു. 2023-24-ൽ 12,954 ആയിരുന്നത് 2024-25-ൽ 7,993 ആയി കുറഞ്ഞു. വിദ്യാര്‍ഥികളില്ലാത്ത സ്‌കൂളുകളുടെ എണ്ണത്തില്‍ 38 ശതമാനത്തോളം കുറവുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹരിയാന, മഹാരാഷ്ട്ര, ഗോവ, അസം, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ സീറോ എൻറോൾമെൻ്റുള്ള സ്കൂളുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ, ഡൽഹി, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര & നഗർ ഹവേലി, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ദാമൻ & ദിയു തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സ്കൂളുകൾ ഇല്ല.

വിദ്യാഭ്യാസം സംസ്ഥാന വിഷയമായതിനാൽ സീറോ എൻറോൾമെൻ്റുള്ള സ്കൂളുകളുടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും ഉപയോഗം മെച്ചപ്പെടുത്തുന്നതിനായി ചില സംസ്ഥാനങ്ങൾ സ്കൂളുകൾ ലയിപ്പിക്കുകയുണ്ടായി.

ഉത്തർപ്രദേശിൽ, തുടർച്ചയായ മൂന്ന് അധ്യയന വർഷങ്ങളിൽ വിദ്യാര്‍ഥികളില്ലാത്ത സ്‌കൂളുകളുടെ അഫിലിയേഷന്‍ അംഗീകാരം റദ്ദാക്കാൻ മാധ്യമിക് ശിക്ഷാ പരിഷത്ത് പദ്ധതിയിടുന്നുണ്ട്.

ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം ഏകാധ്യാപക സ്കൂളുകളുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സ്കൂളുകളിൽ 33 ലക്ഷത്തിലധികം വിദ്യാർഥികൾ ചേർന്നിട്ടുണ്ട്. 2022–23-ൽ 1,18,190 ആയിരുന്ന ഏകാധ്യാപക സ്കൂളുകളുടെ എണ്ണം 2023–24-ൽ 1,10,971 ആയി കുറഞ്ഞിട്ടുണ്ട് (ഏകദേശം 6% കുറവ്).

ഏകാധ്യാപക സ്കൂളുകളിലെ എൻറോൾമെൻ്റിൽ ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്ത്, തൊട്ടുപിന്നാലെ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണുള്ളത്.