അന്തരിച്ച എന്‍.സി.പി സംസ്ഥാനാധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ.ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരിയാണെന്ന ആരോപണം ശക്തിപ്പെടുന്നു. ഉഴവൂര്‍ വിജയന്‍ മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് സുല്‍ഫിക്കര്‍ ഉഴവൂരിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
ഇതിന് തൊട്ടുമുമ്പ് മറ്റൊരു എന്‍.സി.പി നേതാവിനോട് സുല്‍ഫിക്കര്‍ കൊലവിളി നടത്തുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. ഒരു സ്വകാര്യ ചാനലാണ് സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത്. ഉഴവൂരിന്റെ മരണം സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിയില്‍ നിന്നും തന്നെ ആവശ്യമുയരുന്നതിനിടെയാണ് ഇത് പുറത്ത് വന്നിരിക്കുന്നത്. ഉഴവൂര്‍ വിജയന്റെ മരണത്തിന് രണ്ട് ദിവസം മുമ്പാണ് സുല്‍ഫിക്കര്‍ ഉഴവൂരിനെ വിളിച്ച് ഭീഷണി മുഴക്കിയത്.
ഇതിന് പിന്നാലെയാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുവീണതെന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരി പറയുന്നു. അവന് അടിയും കൊടുക്കും. മുണ്ടും വലിക്കും വേണമെങ്കില്‍ കൊല്ലും. ഒരു കോടിയോ രണ്ട് കോടിയോ മുടക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവനാണ് ഞാന്‍. ഉഴവൂര്‍ വിജയന്‍ രാജിവെയ്ക്കണം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് അത് ആവശ്യപ്പെടും. എന്നിങ്ങനെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത ഫോണ്‍ സംഭാഷണം.
സുല്‍ഫിക്കര്‍ മയൂരിയടക്കം പാര്‍ട്ടിയിലെ പല നേതാക്കളില്‍ നിന്നും ഉഴവൂര്‍ വിജയന് സമര്‍ദമുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കടുത്ത മാനസിക സംഘര്‍ഷമുണ്ടായിരുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. കായംകുളം സ്വദേശിയായ എന്‍.സി.പി നേതാവ് മുജീബ് റഹ്മാന്‍ എന്ന വ്യക്തിയോടായിരുന്നു ഉഴവൂര്‍ വിജയനെതിരെ സുല്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയത്. പുറത്ത് വിട്ട സംഭാഷണം നടന്നതായി മുജീബ് റഹ്മാനും സമ്മതിച്ചു.

കടപ്പാട് മാതൃഭൂമി ന്യൂസ് ചാനൽ …..