പാപ്പനംകോട് മുതൽ ഈഞ്ചയ്ക്കൽ വരെ നഗരം ചുറ്റി മെട്രോ വരുന്നതോടെ തലസ്ഥാനത്തിന്റെ മുഖം മാറും. ലൈറ്റ്‌മെട്രോ, മോണോറെയിൽ, മെട്രോനിയോ എന്നിങ്ങനെ മുൻ പദ്ധതികൾ ഉപേക്ഷിച്ച് കൊച്ചിയിലെപ്പോലെ മീഡിയം മെട്രോയാണ് തിരുവനന്തപുരത്തും നിശ്ചയിച്ചിരിക്കുന്നത്. ഭാവിയിൽ ആറ്റിങ്ങൽ വരെയും നെയ്യാറ്റിൻകര വരെയും നീട്ടാവുന്ന തരത്തിലുള്ള അലൈൻമെന്റാണിത്. 31കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോപാതയിൽ 27സ്റ്റേഷനുകളുണ്ട്. 25സ്റ്റേഷനുകളുള്ള കൊച്ചിയേക്കാൾ വലിയ മെട്രോയാണ്

തിരുവനന്തപുരത്ത് വരുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും കോച്ചുകളുമാവും ഇവിടെ വരിക. മെട്രോയുടെ അലൈൻമെന്റ് മാത്രമാണ് ഇപ്പോൾ നിശ്ചയിച്ചത്. തൂണുകൾക്ക് മുകളിലുള്ള എലിവേറ്റഡ് പാതയും ഭൂഗർഭ പാതയും പരിഗണനയിലാണ്. ചെലവേറുമെന്നതാണ് ഭൂഗർഭപാതയ്ക്കുള്ള ദോഷം. ദേശീയപാതയുടെ മദ്ധ്യഭാഗത്ത് വലിയ തൂണുകളുണ്ടാക്കി അതിനു മുകളിലായിരിക്കും മെട്രോയ്ക്കുള്ള ട്രാക്ക് സ്ഥാപിക്കുക. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തിയാവണം അലൈൻമെന്റെന്ന കേന്ദ്ര നിർദ്ദേശത്തെ പരിഗണിച്ച് തമ്പാനൂർ, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾക്കും വിമാനത്താവളത്തിനും സമീപത്തുകൂടിയാണ് അലൈൻമെന്റ്. തമ്പാനൂർ ബസ് സ്റ്റാൻഡ്, ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകൾ,മെഡിക്കൽ കോളേജ് എന്നിവയെ ബന്ധിപ്പിച്ചുള്ള റൂട്ടായതിനാൽ മെട്രോ സർവീസ് ലാഭകരമാകും.

മൂന്ന് മാസത്തിനകം വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) കൊച്ചി മെട്രോ തയാറാക്കും. ഏറ്റെടുക്കേണ്ട ഭൂമി, പുനരധിവാസ മാർഗ്ഗങ്ങൾ, ഏതു തരത്തിലുള്ള പാതയും കോച്ചും,പൂർത്തിയാവുന്ന സമയം,ചെലവ് എന്നിങ്ങനെ വിവരങ്ങൾ ഡി.പി.ആറിലുണ്ടാവും. ഇത് സർക്കാർ അംഗീകരിച്ച് കേന്ദ്രത്തിന് അയയ്ക്കും. കേന്ദ്രാനുമതി ലഭിച്ചാലേ പദ്ധതിയുടെ ടെൻഡർ തുടങ്ങു. സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ളതാണ് കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയം.അതിനാൽ ടിക്കറ്റ് വിതരണം,എലിവേറ്റർ,ലിഫ്റ്റ് എന്നിവയിലടക്കം സ്വകാര്യനിക്ഷേപം വേണ്ടിവരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്ഥലമെടുപ്പ് പൂർത്തിയായാൽ 3വർഷംകൊണ്ട് മെട്രോ നിർമ്മിക്കാം. കിലോമീറ്ററിന് 250കോടിയാണ് ചെലവ്. ഇതുപ്രകാരം 8000കോടിയിലേറെ ചെലവുണ്ടാവും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 20ശതമാനം വീതം വിഹിതം നൽകും. ശേഷിച്ച 60ശതമാനം വായ്പയെടുക്കും. എല്ലാ സ്റ്റേഷനുകളിലും പാർക്കിഗും വിപുലമായ ഫീഡർ സർവീസ് സംവിധാനങ്ങളും ഏർപ്പെടുത്തും.

”മൂന്നു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാവും. അതിനുള്ള ആധുനിക സാങ്കേതികവിദ്യകളുണ്ട്. അതിനു മുമ്പ് കേന്ദ്രത്തിന്റേതടക്കം നിരവധി അനുമതികൾ നേടിയെടുക്കേണ്ടതുണ്ട്”