ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനിൽ ചാരപ്രവർത്തനക്കുറ്റം ചുമത്തി തടങ്കലിൽ കഴിയുന്ന ബ്രിട്ടീഷ് ദമ്പതികളായ ക്രെയ്ഗ് ഫോർമാനെയും ലിൻസെ ഫോർമാനെയും മോചിപ്പിക്കാൻ യുകെ സർക്കാർ ഇടപെടുന്നില്ലെന്ന് അവരുടെ മകൻ ജോ ബെനറ്റ് ആരോപിച്ചു. ലോകം ചുറ്റുന്ന മോട്ടോർസൈക്കിൾ യാത്രയ്ക്കിടെ ആണ് ഈസ്റ്റ് സസ്സെക്സിലെ ദമ്പതികളെ കഴിഞ്ഞ ജനുവരിയിൽ ഇറാനിലെ കർമാനിൽ വെച്ച് അറസ്റ്റ് ചെയ്തത്.

ബ്രിട്ടീഷ് പൗരന്മാരെ സംരക്ഷിക്കേണ്ട യുകെ സർക്കാർ വിഷയത്തിൽ കാര്യമായി ഇടപെടുന്നില്ലെന്ന് ബെന്നറ്റ് കുറ്റപ്പെടുത്തി. ചാരവൃത്തി ആരോപിച്ചിട്ടുണ്ടെങ്കിലും, അത് പൂർണ്ണമായും വ്യാജമാണെന്നും, മാതാപിതാക്കൾക്ക് സാധാരണ കോടതി നടപടികൾ പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . മാതാപിതാക്കൾ അന്യായമായി തടങ്കലിൽ ആയതോടെ കടുത്ത മാനസിക സംഘർഷമാണ് തങ്ങൾ നേരിടുന്നതെന്ന് ബെന്നറ്റ് പറഞ്ഞു.

തടങ്കലിൽ കഴിയുന്ന തന്റെ അമ്മയുമായി ഇതുവരെ രണ്ട് പ്രാവശ്യം മാത്രമാണ് സംസാരിക്കാൻ കഴിഞ്ഞതെന്നും, അവസാനമായി സംസാരിച്ചപ്പോൾ അവർ ഷീണിതയായിരുന്നു എന്നും ബെനറ്റ് പറഞ്ഞു. വിധി പുറപ്പെടുവിക്കാതെ വീണ്ടും കോടതിയിൽ ഹാജരാക്കിയതും അവരെ കൂടുതൽ നിരാശയിലാഴ്ത്തിയതായി അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിൽ വെവ്വേറെ ജയിലുകളിലാക്കപ്പെട്ട ദമ്പതികൾ, പിന്നീട് ഒക്ടോബറിൽ ഒരേ ജയിലിൽ ആണ് നിലവിൽ ഉള്ളതെന്നാണ് അറിയാൻ സാധിച്ചത്. “ഈ കേസിൽ ഞങ്ങൾ ഏറെ ആശങ്കയിലാണെന്നും ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നുമാണ് പ്രസ്തുത വിഷയത്തിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.











Leave a Reply