ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഉത്തര ലണ്ടനിലെ ഒരു നേഴ്സറിയിൽ പരിചരണത്തിൽ ഉണ്ടായിരുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി നേഴ്സറി ജോലിക്കാരൻ വിൻസെന്റ് ചാൻ (45) വുഡ് ഗ്രീൻ ക്രൗൺ കോടതിയിൽ കുറ്റസമ്മതം നടത്തി. ലൈംഗിക അതിക്രമം, സ്പർശനത്തിലൂടെ പീഡനം, ഗുരുതരമായ ബാലപീഡന ദൃശ്യങ്ങൾ സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടെ 26 കുറ്റങ്ങളാണ് ഇയാൾ സമ്മതിച്ചത്. സഹപ്രവർത്തകനിലൂടെ ലഭിച്ച സൂചനയെ തുടർന്ന് ആരംഭിച്ച അന്വേഷണം, മെട്രോപ്പൊളിറ്റൻ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരവും സങ്കീർണ്ണവും ആയ കേസുകളിലൊന്നായി മാറിയെന്ന് അധികൃതർ പറഞ്ഞു.

ഫിഞ്ച്ലെയിലെ സ്റ്റാൻഹോപ്പ് അവന്യൂവിൽ താമസിക്കുന്ന ഇയാളുടെ ഐപാഡുകളിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. ബ്രൈറ്റ് ഹൊറൈസൺസ് നേഴ്സറിയിൽ ആർട്ട് സ്പെഷലിസ്റ്റും റൂം ലീഡറും നേഴ്സറി നേഴ്സുമായിരുന്നു ഇയാൾ. രണ്ട് മുതൽ നാല് വയസ് വരെയുള്ള കുട്ടികളുടെ പരിചരണ ചുമതലയായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത് . വെളിപ്പെടുത്തലുകൾ പുറത്തു വന്നതോടെ നേഴ്സറി ശാഖ അടച്ചിട്ടു. ഒട്ടേറെ കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കുറ്റങ്ങൾ വായിച്ചത്.

ചാന്റെ കുറ്റസമ്മതത്തിനുശേഷം മാതാപിതാക്കൾ സംയുക്ത പ്രസ്താവനയിൽ നേഴ്സറിയുടെ സുരക്ഷാ വീഴ്ചകളാണ് ഇത്തരമൊരു ഭീകര കുറ്റകൃത്യം ദീർഘകാലം പുറത്തുവരാതിരുന്നത് എന്ന് ആരോപിച്ചു. ബ്രൈറ്റ് ഹൊറൈസൺസ് നേഴ്സറി സംഭവത്തിൽ ‘അമ്പരപ്പും ദുഖവും’ രേഖപ്പെടുത്തി. സുരക്ഷാ സംവിധാനങ്ങളുടെ പൂർണ്ണ പരിശോധനയ്ക്ക് വിദഗ്ദ്ധ സംഘത്തെ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾ സുരക്ഷിതരായിരിക്കാൻ ആവശ്യമായ കൂടുതൽ നടപടികൾ ഏർപ്പെടുത്താൻ മുൻകൈ എടുക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്പ്സൺ പറഞ്ഞു.











Leave a Reply