ബെംഗളൂരുവിൽ ഏവിയേഷൻ പഠിക്കുന്ന 19-കാരിയായ ചിത്രപ്രിയയെ മലയാറ്റൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി മുതൽ കാണാതായിരുന്ന ഇവരുടെ മൃതദേഹം മംഗപ്പറ്റുചിറയിലെ ഒരു നിർജന സ്ഥലത്താണ് നാട്ടുകാർ കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയിൽ ഗുരുതര പരിക്ക് കണ്ടതിനാൽ കൊലപാതകമാണെന്ന സംശയത്തിൽ അന്വേഷണം പോലീസ് ശക്തമാക്കി.
ചിത്രപ്രിയ ശനിയാഴ്ച വൈകുന്നേരം സമീപത്തെ കടയിൽ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. തിരികെ വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ കാലടി പൊലീസിൽ പരാതി നൽകി. രണ്ട് ദിവസത്തിലേറെ പഴകിയ അവസ്ഥയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം ബുധനാഴ്ച നടത്തും.
കാണാതാകുന്നതിനുമുമ്പ് ചിത്രപ്രിയയുമായി ബന്ധപ്പെടുന്നുണ്ടായിരുന്ന രണ്ടുപേരെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് അവസാന സഞ്ചാരവിവരങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പോസ്റ്റ്‌മോർട്ടവും ചോദ്യം ചെയ്യലും മുന്നോട്ട് പോകുന്നതിനൊപ്പം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസ് അറിയിച്ചത്.











Leave a Reply