യുകെയിലെ ധാർമ്മികസംഘടനകൾ സമൂഹത്തിൽ വഹിക്കുന്ന പങ്കിനെ പുനഃപരിശോധിച്ച വിവിധവിശ്വാസ സംവാദം ചരിത്രപ്രസിദ്ധമായ കൂംബ് ആബിയിൽ നടന്നു. സിറോ മലങ്കര കത്തോലിക്ക സഭയുടെ (SMCC) യുകെയിലെ മിഷന്റെ അപ്പോസ്തോലിക് വിസിറ്റേറ്റർ നടത്തിയ ഉദ്ഘാടന വിളംബരത്തോടനുബന്ധിച്ചാണ് ഈ സംവാദസംഗമം സംഘടിപ്പിച്ചത്. ഉയർന്നുവരുന്ന സാമൂഹ്യവൈഷമ്യങ്ങളും സമൂഹത്തിലെ മൂല്യച്യുതിയും നേരിടുന്ന സാഹചര്യത്തിൽ ഐക്യത്തിൻറെയും പ്രത്യാശയുടെയും സന്ദേശം ഉയർത്തിക്കാട്ടുക എന്നതായിരുന്നു ലക്ഷ്യം.

ഡോ അനുജ് മാത്യു നയിച്ച സംവാദത്തിൽ ഡോ. അബ്ദുള്ള ഷേഹു MBE (ചെയർമാൻ, കോവൻട്രി മുസ്ലിം ഫോറം), പാറശാലയുടെ മെത്രാൻ മോസ്റ്റ് റവ. ഡോ. തോമസ് മാർ യൂസോബിയോസ് (SMCC), ശ്രീ. ഹരിപ്രസാദ് (പ്രസിഡന്റ്, ISKCON കോവൻട്രി) തുടങ്ങിയവർ സംസാരിച്ചു. സ്ഥിരമായ സമ്മിശ്രവിശ്വാസഇടപെടലുകൾ, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പീഡിതർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി കൂടുതൽ ശക്തമായ സഹായസംവിധാനം, യുവജനങ്ങളുമായി കൂടുതൽ വ്യക്തതയാർന്ന ആശയവിനിമയം, ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ തമ്മിലെ അച്ചടക്കമുള്ള സഹകരണം എന്നിവയുടെ അനിവാര്യതയെപ്പറ്റി സംവാദത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടു.

വിശ്വാസസമൂഹങ്ങൾ സമാധാനത്തിന്റെ ദൂതരായി പ്രവർത്തിക്കുകയും, തങ്ങളുടെ ആചാരപരമ്പര്യങ്ങളെ വിനയത്തോടെ ഉയർത്തിക്കാട്ടുകയും, വൈവിധ്യത്തെ ഒരു സാമൂഹ്യഘടകമെന്നതിലുപരി, ഒരു ദർശനമായി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും, സമൂഹനിർമ്മാണത്തിലും വിദ്യാഭ്യാസത്തിലും നയരൂപീകരണത്തിലും ധാർമ്മിക മൂല്യങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെപ്പറ്റിയും ചർച്ചയിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.

സിറോ മലങ്കര കത്തോലിക്കാസഭയുടെ തലവൻ, ഹിസ് ബീറ്റിറ്റ്യൂഡ് എമിനൻസ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ്, യുകെ, യൂറോപ്പുകളുടെ ചുമതലയ്ക്കായി നിയമിതനായ ഹിസ് ഗ്രേസ് മോസ്റ്റ് റവ. ഡോ. കുറിയാക്കോസ് മാർ ഒസ്താത്തിയോസിനെ സ്വാഗതം ചെയ്താരംഭിച്ച തന്റെ ഉദ്ഘാടനപ്രസംഗത്തിൽ, വിവിധസമുദായങ്ങൾ തമ്മിലുള്ള മനസ്സിലാക്കലിനും അവരവരുടെ വിശ്വാസങ്ങളിലേക്കുള്ള വാതിൽതുറക്കുന്നതുമാണ് ഇത്തരം സംവാദങ്ങളുടെ പ്രസക്തിയെന്ന് സൂചിപ്പിച്ചു. ഇങ്ങനെയുള്ള ആത്മീയനവീകരണം പുതുതലമുറയെ വിവിധ മതപരമ്പര്യങ്ങളുടെയും അവരുടെ മൂല്യങ്ങളുടെയും ആഴത്തിലുള്ള ബോദ്ധ്യത്തിലേക്കും നയിക്കും.
ആഷ്ഫോർഡിലെ എംപി ശ്രീ. സോജൻ ജോസഫ്, കോവൻട്രി ഡെപ്യൂട്ടി ലോഡ് മേയർ റോജർ ബെയ്ലി എന്നിവർ ഉൾപ്പെടെയുള്ള പൗരപ്രതിനിധികൾ ഈ പുതുസംരംഭത്തെ അഭിനന്ദിച്ചു. അന്തർധാർമ്മിക സംവാദത്തെ ആസ്പദമാക്കി സ്വന്തംമിഷന്റെ ഉദ്ഘാടനം നടത്താനുള്ള സഭയുടെ തീരുമാനവും അവർ സ്വാഗതം ചെയ്തു.
യഹൂദ റീഫോം മൂവ്മെന്റ്, സാൽവേഷൻ ആർമി എന്നിവയുൾപ്പെടെയുള്ള കോവൻട്രിയിലെ നിരവധി മതസമൂഹ നേതാക്കൾ ഈ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു.വൈവിധ്യമാർന്ന മതഗ്രൂപ്പുകൾ അവരുടെ സ്വന്തമായ പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുമ്പോഴും കരുണയോടെയും ഐക്യബോധത്തോടെയും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ മഹത്വം ഈ യോഗം തെളിയിച്ചുവെന്ന് ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് യുകെയിലെ അലക്സ് പാന്തേലി പറഞ്ഞു. സംവാദത്തിലെ വൈവിദ്ധ്യമാർന്ന പങ്കാളിത്തം പരസ്പരബന്ധങ്ങളും മനസ്സിലാക്കലുകളും ശക്തിപ്പെടുത്തിയതായി വിലയിരുത്തപ്പെട്ടു.
സാമൂഹ്യസേവനത്തിലും സാമൂഹിക ഐക്യത്തിലും സഭ പുലർത്തുന്ന ദീർഘകാല പ്രതിബദ്ധതയെ ഓർമ്മിപ്പിക്കുന്ന ഇത്തരം തുടർച്ചയായ സംവാദങ്ങൾക്കും സഹകരണത്തിനും വീണ്ടുമൊരുമിക്കാമെന്നുള്ള വാഗ്ദാനത്തോടെ മനോഹരമായ സായാഹ്നം സമാപിച്ചു.











Leave a Reply