തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിലെത്തിയ വിവരം സത്യവാങ്മൂലത്തിലൂടെ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സാങ്കേതിക സർവകലാശാല വി സിയായി ഡോ. സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വി സിയായി ഡോ. സജി ഗോപിനാഥനെയും നിയമിക്കാൻ തീരുമാനിച്ചതായി കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ച കേസ് വീണ്ടും സുപ്രീംകോടതി പരിഗണനയ്ക്കെത്തുന്ന സാഹചര്യത്തിലാണ് അറിയിപ്പ്. ഇരുവരുടെയും നിയമന വിജ്ഞാപനം ലോക്ഭവൻ ഇന്നലെയായിരുന്നു പുറത്തിറക്കിയത്.
മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ സർക്കാരും ഗവർണറും തമ്മിൽ ധാരണയിലെത്താത്തതിനെ തുടർന്ന്, ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സമിതിയോട് വി സി നിയമനത്തിനുള്ള പേരുകൾ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഈ സമിതി തയ്യാറാക്കിയ പട്ടിക ഇന്ന് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് സർക്കാരും ഗവർണറും തമ്മിൽ അപ്രതീക്ഷിത സമവായം ഉണ്ടായത്. ഇതോടെ സമിതിയുടെ നിർദേശങ്ങൾക്കുമുമ്പേ തന്നെ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടായി.
വർഷങ്ങളായി ഡോ. സിസാ തോമസിനെ അംഗീകരിക്കില്ലെന്ന സർക്കാർ നിലപാട് മുഖ്യമന്ത്രി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉപേക്ഷിക്കുകയായിരുന്നു. സർക്കാർ ഡോ. സജി ഗോപിനാഥിനെയും ഡോ. സതീഷ് കുമാറിനെയും വി സിമാരാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും, ചാൻസിലറായ ഗവർണർ അത് തള്ളി. പകരം ഡോ. സിസാ തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന നിലപാടാണ് ഗവർണർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്. സർക്കാരും ഗവർണറും തമ്മിലുള്ള ഈ ഭിന്നതയെ വിമർശിച്ച കോടതി പിന്നീട് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ പാനലിനോട് പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു.











Leave a Reply