ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ അഞ്ചുദിവസത്തെ പണിമുടക്ക് ആരംഭിച്ചതോടെ ആശുപത്രി സേവനങ്ങളിൽ വലിയ തടസ്സം നേരിടുമെന്ന് എൻ എച്ച് എസ് അധികൃതർ മുന്നറിയിപ്പ് നൽകി. രാവിലെ ഏഴിന് തുടങ്ങിയ പണിമുടക്കിനെ തുടർന്ന് അത്യാവശ്യമല്ലാത്ത ചികിത്സകളും പരിശോധനകളും മാറ്റിവയ്ക്കേണ്ടി വരുമെന്ന് രോഗികളെ അറിയിച്ചിട്ടുണ്ട്. ഫ്ലൂ വ്യാപനം മൂലം ഇതിനകം സമ്മർദ്ദത്തിലായ ആശുപത്രികൾക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.

വേതന പരിഷ്കരണ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ദീർഘകാല സമരത്തിന്റെ ഭാഗമായാണ് ഡോക്ടർമാരുടെ ഈ നടപടി. ജൂനിയർ ഡോക്ടർമാർ എന്നറിയപ്പെട്ടിരുന്ന റെസിഡന്റ് ഡോക്ടർമാരുടെ ഇത് 14-ാമത്തെ പണിമുടക്കാണ്. ശമ്പളം യഥാർത്ഥ ചെലവിനൊപ്പം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നേതൃത്വം നൽകുന്ന സമരം ശക്തമാകുകയാണ്.

അതേസമയം, പണിമുടക്ക് എൻ എച്ച് എസിനെ ഏറ്റവും കൂടുതൽ ബാധിക്കുന്ന സമയത്താണ് നടത്തിയതെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് ആരോപിച്ചു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും രോഗികളുടെ സുരക്ഷ മുൻഗണനയാകണമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര സേവനങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ദിവസങ്ങൾ നീളുന്ന പണിമുടക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.











Leave a Reply