കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷകൾ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദ്വാരപാലക ശിൽപ കവർച്ച കേസുമായി ബന്ധപ്പെട്ടാണ് പത്മകുമാറിന്റെ ജാമ്യനീക്കം. കട്ടിളപ്പാളി കേസിൽ സമർപ്പിച്ച ജാമ്യഹർജി നേരത്തെ കോടതി തള്ളിയിരുന്നു. ആദ്യം അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി ഇതാദ്യമായാണ് ജാമ്യം തേടുന്നത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപേക്ഷയിൽ നാളെ വിധി പറയും.

അതേസമയം, കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റിയിരുന്നു. കട്ടിളപ്പാളിയിൽ സ്വർണം പൊതിഞ്ഞതിന് രേഖകളില്ലെന്നതാണ് വാസുവിന്റെ പ്രധാന വാദം. അന്വേഷണ സംഘത്തോട് ഈ വിഷയത്തിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ നേരത്തെ വിശദീകരണം തേടിയിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും പരിഗണിക്കണമെന്നും വാസു ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 23ന് അറസ്റ്റിലായ വാസുവിന് വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ, ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. ജയശ്രീ ഇന്ന് ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും, സുപ്രീംകോടതിയിലെ പരിഗണന കണക്കിലെടുത്ത് ഹാജരാകാൻ സാധ്യത കുറവാണ്. സ്വർണക്കടത്തിൽ അന്താരാഷ്ട്ര മാഫിയ ബന്ധമുണ്ടെന്ന വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സജീവമാക്കിയെങ്കിലും, പ്രാഥമിക അന്വേഷണത്തിൽ ആരോപണങ്ങൾക്ക് ശക്തമായ തെളിവുകളില്ലെന്ന വിലയിരുത്തലിലാണ് എസ്ഐടി.