രാംഗഡ്: ബീഫ് കൊലപാതകത്തില്‍ കോടതിയിലെത്തിയ പ്രധാന സാക്ഷിയുടെ ഭാര്യ കോടതി പരിസരത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ബീഫ് കടത്തിയെന്ന് ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രക്ക് ഡ്രൈവര്‍ അലിമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ സാക്ഷിയായ ജലീല്‍ അന്‍സാരിയുടെ ഭാര്യ ജുലേഖയാണ് കൊല്ലപ്പെട്ടത്.

കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയ ജലീലിനൊപ്പം കോടതിയിലെത്തിയതായിരുന്നു ജുലേഖ. വീട്ടില്‍ മറന്നുവെച്ച ഐഡന്റിറ്റി കാര്‍ഡ് എടുക്കാന്‍ അലിമുദ്ദീന്റെ മകനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ രണ്ടുപേര്‍ ജുലേഖ സഞ്ചരിച്ച ബൈക്ക് ഇടിച്ചിടുകയായിരുന്നു. ജുലേഖ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അലിമുദ്ദീന്റെ മകന് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ കോടതിയില്‍ വെച്ചു തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

അപകടം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇടിച്ചുതെറിപ്പിച്ച ശേഷം അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. ഇത് കൊലപാതകം ആസൂത്രിതമാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് ജലീല്‍ പറഞ്ഞു. ജാര്‍ഖണ്ഡിലെ രാംഗറില്‍ ജൂണ്‍ 29നാണ് ബീഫ് കടത്ത് ആരോപിച്ച് ഗോസംരക്ഷകര്‍ അലിമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയത്.