യുകെയിലെ വാർവിക്ഷെയറിൽ മലയാളി നേഴ്സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ നേഴ്സിംഗ് ഹോം മാനേജരായിരുന്ന ഇംഗ്ലീഷുകാരി നേഴ്സ് മിഷേൽ റോജേഴ്സിനെ നേഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) സ്ഥിരമായി ജോലിയിൽ നിന്ന് പുറത്താക്കി. ഇവരുടെ പിൻ നമ്പർ റദ്ദാക്കിയതോടെ യുകെയിൽ ഇനി നേഴ്സായി ഇവർക്ക് ജോലി ചെയ്യാൻ കഴിയില്ല.
മലയാളി യുവതിയുടെ പിൻ നമ്പർ ഇല്ലാതാക്കി രാജ്യം വിടേണ്ട സാഹചര്യം സൃഷ്ടിച്ച കേസിൽ, യുവതിക്കായി ഹാജരായ അഭിഭാഷകൻ ബൈജു തിട്ടാലയിലിന്റെ വാദം അംഗീകരിച്ച എൻഎംസി നേരത്തേ മലയാളി നേഴ്സിനെ കുറ്റവിമുക്തയാക്കിയിരുന്നു. വിസ സ്പോൺസർഷിപ്പ് റദ്ദാക്കുമെന്ന ഭീഷണി മുഴക്കി ഇന്ത്യയിൽ നിന്നുള്ള നേഴ്സുമാരോട് ക്രൂരമായി പെരുമാറിയിരുന്നുവെന്ന് എൻഎംസി കണ്ടെത്തി. തുടർച്ചയായി എട്ട് ദിവസം വരെ രാത്രി ജോലി ചെയ്യിപ്പിച്ചതായും ഇത് ഇംഗ്ലണ്ടാണ് ഇന്ത്യയല്ലെന്ന് പറഞ്ഞ് നേഴ്സുമാരെ ഭീഷണിപ്പെടുത്തിയതായും പാനൽ കണ്ടെത്തിയത് കേസിൽ സുപ്രധാനമായി.
ഗ്രഹാം തോമസ് ഗാർഡ്നർ, ഡെബോറ ആൻ ബെന്യൻ, മാത്യു ജെയിംസ് ക്ലാർക്സൺ എന്നിവരടങ്ങിയ പാനലാണ് കേസ് പരിഗണിച്ചത്. ഏഷ്യക്കാരോടുള്ള വെറുപ്പ് മാനേജരുടെ പ്രവർത്തികളിൽ പ്രകടമായിരുന്നുവെന്നും നേഴ്സിംഗ് ഹോമിൽ ഭീതിയുളവാക്കുന്ന അന്തരീക്ഷം അവർ സൃഷ്ടിച്ചതായും പാനൽ കണ്ടെത്തി. ചെറിയ തെറ്റുകൾ പോലും വലുതാക്കി എൻഎംസിയിൽ റിപ്പോർട്ട് നൽകുകയും, പരിശീലനം ആവശ്യപ്പെട്ട നേഴ്സുമാരെ അവഗണിക്കുകയും ചെയ്തിരുന്നു. നിർദേശമനുസരിച്ച് ജോലി ചെയ്യില്ലെങ്കിൽ സ്പോൺസർഷിപ്പ് റദ്ദാക്കി പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.
മറ്റൊരു സ്ഥാപനത്തിൽ യുവതി ജോലി തേടിയപ്പോൾ മോശം റഫറൻസ് നൽകി നിയമനം തടയാൻ ശ്രമിച്ചതായും എൻഎംസി രേഖപ്പെടുത്തി. ഇതോടെ രാജ്യം വിടേണ്ട സാഹചര്യം വന്ന യുവതി അഭിഭാഷകൻ ബൈജു തിട്ടാലയെ സമീപിച്ചു. ഏഴ് ദിവസം നീണ്ട എൻഎംസി വിചാരണയിൽ മിഷേൽ റോജേഴ്സ് ഹാജരായില്ല. ഹൈക്കോടതി സമൻസ് വഴിയാണ് പിന്നീട് ഹാജരാകേണ്ടി വന്നത്. വാദത്തിനിടെ പിടിച്ചു നിൽക്കാനാകാതെ സിറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോയതും കേസിൽ പ്രതികൂലമായി.
എൻഎംസിയുടെ അന്വേഷണത്തിൽ, ഇന്ത്യയിൽ നിന്നുള്ള നേഴ്സുമാരുടെ കുടിയേറ്റ പദവി ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തുകയും അമിത ജോലിഭാരം നൽകുകയും ചെയ്തതായി വ്യക്തമായി. മരുന്ന് നൽകൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മനപ്പൂർവം പരിശീലനം നിഷേധിച്ചതായും അന്വേഷണത്തോട് നിസഹകരിച്ചതും പാനലിൻ്റെ തീരുമാനത്തെ സ്വാധീനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നേഴ്സിംഗ് ജോലിയുടെ അന്തസിന് നിരക്കാത്ത പെരുമാറ്റമാണെന്ന് വിലയിരുത്തി മിഷേൽ റോജേഴ്സിനെ നേഴ്സിംഗ് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തു. അപ്പീൽ നൽകാൻ 28 ദിവസം അനുവദിച്ചിട്ടുണ്ടെങ്കിലും, 18 മാസത്തെ താൽക്കാലിക സസ്പെൻഷനും ഏർപ്പെടുത്തിയിട്ടുണ്ട്. വംശീയ വിവേചനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൻഎംസി സ്വീകരിക്കുന്നതെന്ന് അഭിഭാഷകൻ ബൈജു തിട്ടാല പറഞ്ഞു.











Leave a Reply