മെട്രിസ്‌ ഫിലിപ്പ്

ഇസ്രയേൽ- പാലസ്‌തീൻ ഷെൽ ആക്രമണം, നടക്കുമ്പോൾ, ഭയവും, നൊമ്പരവും, അനുഭവിക്കുന്ന, ലക്ഷക്കണക്കിന് മലയാളി സഹോദരി- സഹോദരൻമാർ അവിടെ ജോലി ചെയ്യുന്നു. തങ്ങളുടെ സ്വന്തം നാട് വിട്ട്, മറ്റൊരു രാജ്യത്ത് ഒറ്റപ്പെട്ടുള്ള ഈ നേഴ്സ്മാരുടെ ജീവിതം കൂടി നമുക്കോർക്കാം. അവരുടെ ആകുലത എത്ര വലുതായിരിക്കും. അവരെ നമുക്കു കൂടെ ചേർത്തു നിർത്തി സപ്പോർട്ട് ചെയ്യാം. കൊറോണയോടൊപ്പം യുദ്ധവും കൂടി വരുമ്പോൾ ആ രാജ്യമെങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്നു കാണുക തന്നെ. ആ മാലാഖമാരെ കൂടെ ചേർത്തുപിടിച്ചുകൊണ്ട്, ഈ കുറിപ്പ് തുടങ്ങുന്നു.

കൊറോണ എന്ന മഹാമാരിയാൽ ലോകം ആകുലപ്പെടുമ്പോൾ, അതിലേറെ, നൊമ്പരവും, സങ്കടവും, മനഃപ്രയാസവും, അനുഭവിക്കുന്ന, ഒരു കൂട്ടം പ്രവാസികൾ ഉണ്ട്. സ്വന്തം ഗ്രാമം വിട്ട്, ഒറ്റയ്ക്ക് പ്രവാസി ജീവിതം നയിക്കുന്നവർ.

ഈ കുറിപ്പ് വായിക്കുന്നവരോ, നിങ്ങളുടെ കുടുംബത്തിൽ, ഗ്രാമത്തിൽ, ഉള്ളവരോ, ഈ പറഞ്ഞ തരത്തിൽപ്പെട്ടവർ ഉണ്ടാകും എന്നെനിക്കുറപ്പുണ്ട്. അവർ ചിലപ്പോൾ നിങ്ങളുടെ ഉറ്റ സുഹൃത്തുക്കൾ വരെ ആയേക്കാം. അവർക്കായി, ഇത് ഷെയർ ചെയ്യാം.

മാതാപിതാക്കളെയും, ഭാര്യ/ഭർത്താവ്, മക്കളെയും, പിറന്ന നാടിനേയും വിട്ട്, അകലെയുള്ള സ്ഥലമോ, വിദേശത്തോ ജോലി തേടി പോകുന്നവരെ, പ്രവാസികൾ എന്ന പേരിൽ അറിയപ്പെടുന്നു. പ്രവാസികൾ പല തരത്തിൽ ഉള്ളവർ ഉണ്ട്. വിദേശ രാജ്യങ്ങളിൽ പഠനത്തിന് പോകുന്നവർ മുതൽ ജോലി തേടി പോകുന്നവർ ഉൾപ്പടെയുള്ള വിവിധ പ്രായത്തിൽ പെടുന്നവർ അതിൽ ഉൾപ്പെടുന്നു.

1950-60 കാലങ്ങളിൽ പേർഷ്യയ്ക്കു പോകുവാ എന്നായിരുന്നു പറയാറ്‌. ബോംബെ, ഡൽഹി എന്നീ സ്ഥലങ്ങളിൽ നിന്നും ആയിരുന്നു, അവർ പോയിരുന്നത്. കൂടുതലും മധ്യവയസ്കർ. പിന്നീട് നഴ്സിങ് പ്രൊഫെഷൻെറ ഭാഗമായി ഒട്ടേറെ യുവതികൾ ഗൾഫ് രാജ്യങ്ങളിലേക്ക് പോയി. അമേരിക്ക,യൂറോപ്പ്, യുകെ, ഓസ്‌ട്രേലിയ സിംഗപ്പൂർ, ഏഷ്യ / ആഫ്രിക്ക എന്നിങ്ങനെ ഉള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ഒട്ടേറെ ഉണ്ടായി. ആ രാജ്യങ്ങളിൽ പോയവർ, കുടുംബമായി ഇപ്പോൾ അവിടെ താമസിച്ചു വരുന്നു.

എന്നാൽ ഗൾഫ് നാടുകളിൽ, കുടുംബമായി താമസിക്കുന്നവരേക്കാൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ ആണ് കൂടുതലായുള്ളത്. നഴ്സിംഗ്, ഹോം കെയർ, അങ്ങനെയുള്ള ജോലി തേടി ഒട്ടേറെ യുവതികൾ, ഇറ്റലി, ഇസ്രയേൽ, കൂടാതെ മറ്റ് രാജ്യങ്ങളിലേക്ക്, കേരളത്തിൽ നിന്നും ഒഴുകി കൊണ്ടിരിക്കുന്നു. അവരെല്ലാം സ്വന്തം കുടുംബത്തിന് വേണ്ടി രാപകൽ ജോലി ചെയ്യുന്നു. അവരുടെ മനസിലുള്ള ചിന്ത, എപ്പോഴും നാട്ടിലുള്ള കുടുംബത്തെ ഓർത്തായിരിക്കും.

  പിറന്നാൾ ഗംഭീരമായി ആഘോഷിച്ചില്ല; ഡിഎംകെ നേതാവിന്റെ ഭാര്യ ജീവനൊടുക്കി

കോവിഡ് എന്ന മഹാമാരി, നാട്ടിലും മറുനാട്ടിലും, തിരമാല പോലെ ഉയരുകയാണ്. ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ ചിന്തകൾ തന്റെ ജീവിതത്തേക്കാളും, നാട്ടിലുള്ള മാതാപിതാക്കൾ, കുടുംബം, മക്കൾ എന്നിവർക്ക്, ഈ രോഗം പിടിപെടുമോ, അവർക്കാരാണ് സഹായത്തിനുള്ളത് എന്ന ചിന്തയാണ്.

ഇവർക്കു നാട്ടിലേക്ക് തിരിച്ചു പോകണം എന്നുള്ള ആഗ്രഹം, ഉണ്ട്, എന്നാലും, നാട്ടിൽ ഉള്ളവരുടെ, മുന്നോട്ടുള്ള ജീവിതം കൂടുതൽ സേഫ് ആക്കണം എന്നുള്ള ചിന്ത കൊണ്ട് അവിടെ തന്നെ തുടരുന്നു. കുറച്ചുനാൾ കൂടി കഴിഞ്ഞു പോയാൽ മതി എന്നുള്ള തീരുമാനത്തിൽ അവസാനം എത്തിചേരും.

ഒറ്റയ്ക്ക് താമസിക്കുന്ന പ്രവാസികൾ, അവരുടെ കുട്ടികളെ, വർഷങ്ങൾ, കഴിഞ്ഞായിരിക്കും കാണുവാൻ സാധിക്കുന്നത്. മക്കളെ വിഡിയോകൾ വഴി കണ്ട് അവരുടെ വളർച്ച കാണുന്നു. എന്നാൽ, മക്കൾ, തന്റെ സ്വന്തം അപ്പൻ/അമ്മ എന്നിവരെ, വളരെ നാളുകൾക്കു ശേഷം കണ്ടാൽ തന്നെ, ഇവർ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ഒരു വരവേൽപ്പ് നൽകണം എന്നില്ല. അത് കാണുമ്പോൾ, താൻ ഇത്രയും വർഷം എന്തിനാണ്, ഒറ്റയ്ക്ക് ഒരു രാജ്യത്തു ജീവിച്ചത് എന്ന് ഓർത്തു കരയും.

ഗൾഫിൽ 30 വർഷങ്ങൾ പ്രവാസി ജീവിതം നയിച്ച് കൊറോണകാലത്ത് നാട്ടിൽ തിരിച്ചെത്തിയ ഒരു വ്യക്തിയെ സ്വന്തം വീട്ടിൽ പോലും കയറ്റാതെ ആട്ടി ഓടിച്ചതായുള്ള വാർത്ത കേരളം ചർച്ച ചെയ്തിരുന്നു. ഒന്നും സ്വന്തമായി കരുതി വെക്കാതെ, ജീവിതം കുടുംബത്തിനായി മാറ്റിവെക്കുന്നവർ ചിന്തിക്കേണ്ടിയിരിക്കുന്നു.

ആടുജീവിതം നയിക്കുന്നവരും പ്രവാസി ലോകത്തിൽ ഉണ്ട് എന്ന് ഓർമ്മിക്കുക. ഈ അവസരത്തിൽ ഒറ്റയ്ക്ക് പ്രവാസ ജീവിതം നയിക്കുന്നവർക്ക് ഒരു ഹായ് നൽകുന്നു. അടിച്ചു പൊളിച്ചു ജീവിക്കു, നിങ്ങളും. നാളെ പ്രവാസി ലോകത്ത് നിന്ന് ഒരു ശവമായി ചെന്നാൽ പോലും ഒരു അനുശോചനം പറയുവാൻ പോലും ആരും ഉണ്ടാകില്ല. അതിനാൽ നിങ്ങൾക്കു ലഭിക്കുന്ന ഇടവേളകൾ, കൂട്ടുകാരോടൊത്ത് സന്തോഷിക്കു. നിങ്ങൾക്കു നിങ്ങൾ മാത്രമേ കൂടേ ഉണ്ടാകൂ. സർവ്വേശ്വരൻ നിങ്ങളോടൊപ്പം എന്നും ഉണ്ടാകും. ആശംസകൾ.