ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് യാത്രക്കാരനെ മർദിച്ചെന്ന ആരോപണം ഉയർന്നു. സെക്യൂരിറ്റി പരിശോധനയുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം. അങ്കിത് ദിവാൻ എന്ന യാത്രക്കാരനാണ് ദുരനുഭവം നേരിട്ടതെന്ന് ആരോപിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട വീരേന്ദ്രർ സേജ്വാൾ എന്ന പൈലറ്റിനെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.
താനും കുടുംബവും അനുഭവിച്ച സംഭവവിവരം അങ്കിത് ദിവാൻ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു. നാല് മാസം പ്രായമുള്ള കുഞ്ഞ് ഒപ്പമുണ്ടായതിനാൽ ജീവനക്കാർക്കുള്ള പി.ആർ.എം. സെക്യൂരിറ്റി ചെക്ക് ഉപയോഗിക്കാനായിരുന്നു നിർദേശം. എന്നാൽ അവിടെ ജീവനക്കാർ വരിതെറ്റിച്ച് മുന്നിൽ കയറുന്നത് ചോദ്യം ചെയ്തതോടെ പൈലറ്റ് പ്രകോപിതനായി വാക്കുതർക്കമുണ്ടായെന്നും തുടർന്ന് ശാരീരികമായി ആക്രമിച്ചെന്നും ദിവാൻ ആരോപിച്ചു. രക്തം പുരണ്ട മുഖത്തിന്റെ ചിത്രങ്ങളും പൈലറ്റിന്റെ ഷർട്ടിലെ രക്തക്കറയുള്ള ചിത്രവും പങ്കുവച്ചാണ് ആരോപണം.
സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം പൈലറ്റിനെ ഉടൻ ജോലിയിൽനിന്ന് മാറ്റിനിർത്താനും ഔദ്യോഗിക അന്വേഷണം നടത്താനും നിർദേശം നൽകി. യാത്രക്കാരന്റെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ നിയമനടപടികൾ ആരംഭിക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. കുട്ടികൾ ഉൾപ്പെടെ കുടുംബത്തിന് മാനസികാഘാതമുണ്ടാക്കിയ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് യാത്രക്കാരൻ.











Leave a Reply