കൊച്ചി ∙ ചിതയിൽ എരിയും മുൻപ് ശ്രീനിവാസന് ഒരു പേപ്പറും പേനയും സമർപ്പിച്ച് സത്യൻ അന്തിക്കാട് അവസാന വിട നൽകി. “എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ” എന്ന സന്ദേശം കുറിച്ച കടലാസും പേനയും ചിതയിലേക്ക് വയ്ക്കുമ്പോൾ സത്യൻ അന്തിക്കാട് വിതുമ്പുകയായിരുന്നു. പ്രിയ സുഹൃത്ത് ശ്രീനിവാസനൊപ്പം അവസാന നിമിഷം വരെയും അദ്ദേഹം ഉണ്ടായിരുന്നു.

ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ധ്യാൻ ശ്രീനിവാസൻ മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്തു. കലാ–സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധിപേരും അന്ത്യാഞ്ജലി അർപ്പിക്കാൻ ചടങ്ങിൽ പങ്കെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

48 വർഷം നീണ്ട സിനിമാ ജീവിതത്തിലൂടെ മലയാളികളുടെ മനസ്സിൽ ശ്രീനിവാസൻ അനശ്വരനായി. സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാനുള്ള അപൂർവ കഴിവായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, ടി.പി. ഗോപാലഗോപാലൻ എം.എ, സന്ദേശം, വടക്കുനോക്കിയന്ത്രം, തലയണമന്ത്രം എന്നിവ ഉൾപ്പെടെ അനവധി ക്ലാസിക് ചിത്രങ്ങൾ മലയാളികൾ ഒരിക്കലും മറക്കില്ല. അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ‘ചിന്താവിഷ്ടയായ ശ്യാമള’, ‘വടക്കുനോക്കിയന്ത്രം’ എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരവും നേടിയ ശ്രീനിവാസൻ മലയാള സിനിമയുടെ ഹൃദയത്തിൽ മരണമില്ലാത്ത സാന്നിധ്യമായിരിക്കും.