പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ ഛത്തീസ്ഗഢ് സ്വദേശി രാംനാരായൺ വയ്യാർ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. സംഭവത്തിൽ കേരള സർക്കാരിൽ നിന്നു ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
തന്റെ സഹോദരനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചതാണെന്നും അതിനാൽ ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും മരിച്ചയാളുടെ സഹോദരൻ ആവശ്യപ്പെട്ടു. തെഹ്സീൻ പൂനവാല കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ചയാളുടെ രണ്ട് മക്കൾക്കായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നതും കുടുംബത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.
കഴിഞ്ഞ ബുധനാഴ്ച കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയ രാംനാരായണിനെ ആൾക്കൂട്ടം മർദിക്കുകയായിരുന്നു. മർദനമേറ്റ് കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ അവശനായി വീണ്ടും കുഴഞ്ഞുവീണ രാംനാരായണിനെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ വാളയാർ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ അഞ്ചുപേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.











Leave a Reply