കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ നടത്തിയ റോഡ് ഷോയ്ക്ക് ഇടെയാണ് വന്‍ സുരക്ഷാ വീഴ്ചയുണ്ടായത്. ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് സമീപം തീ ആളിപ്പടര്‍ന്നു. അപകടത്തില്‍ നിന്നും രാഹുല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ റോഡ് ഷോയ്ക്കിടെയാണ് സംഭവം. പരിപാടിയോടനുബന്ധിച്ച് വഴിയിലുടനീളം ബലൂണുകള്‍ക്കൊണ്ട് അലങ്കരിച്ചിരുന്നു. പ്രവര്‍ത്തകുടെ കൈയ്യിലുണ്ടായിരുന്ന ഒരു കൂട്ടം ബലൂണുകളാണ് പൊട്ടിത്തെറിച്ച് തീ പടര്‍ന്നത്. വന്‍ ജനാവലിയായിരുന്നു അദ്ദേഹത്തെ അനുഗമിച്ചത്. രാഹുല്‍ ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന തട്ടില്‍ നിന്ന് ബലൂണില്‍ തീ പടരുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരെത്തി ജനങ്ങളെ സംഭവ സ്ഥലത്ത് നിന്ന് മാറ്റി.

നാട്ടുകാരെ അഭിസംബോധന ചെയ്തുകൊണ്ട് തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. പെട്ടിത്തെറി ഉണ്ടായ സ്ഥലവും രാഹുലിന്റെ വാഹനവും തമ്മില്‍ രണ്ട് മുന്നടി അകലം മാത്രമേ ഉണ്ടായിരുന്നുള്ളു. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നര്‍മ്മദ നദീ തീരത്തു നിന്നും ആരംഭിച്ച് എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയാണ് രാഹുല്‍ ഗാന്ധി ജബല്‍പൂരില്‍ നടത്തിയത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.