പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാണ് തന്റെ കുടുംബ ജീവിതം തകർത്തതെന്ന് എംഎൽഎയ്‌ക്കെതിരെ പീഡന പരാതി നൽകിയ യുവതിയുടെ ഭർത്താവ് ഗുരുതര ആരോപണം ഉന്നയിച്ചു. യുവതിയെ ഗർഭിണിയാക്കിയതും പിന്നീട് ഗർഭഛിദ്രം നടത്തിയതും തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചുവെന്നും ഇതുമൂലം വലിയ മാനനഷ്ടവും കടുത്ത മാനസിക സംഘർഷവും അനുഭവിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ക്രൈംബ്രാഞ്ചും എസ്‌ഐടിയും വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ രാഹുലിനെതിരെ പരാതി നൽകിയത് വ്യക്തിപരമായ വൈരാഗ്യം കൊണ്ടല്ല, കുടുംബജീവിതം പൂർണമായി തകർന്നതിനെ തുടർന്നാണെന്നും പരാതിക്കാരന്റെ ഭർത്താവ് പറഞ്ഞു. കുടുംബ പ്രശ്നത്തിൽ ഇടപെടുകയായിരുന്നെങ്കിൽ ഇരു കക്ഷികളെയും വിളിക്കേണ്ടതായിരുന്നുവെങ്കിലും രാഹുൽ തന്നെ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്നും ആരോപിച്ചു. ഒരു ജനപ്രതിനിധി ഇത്തരത്തിൽ ക്രിമിനൽ സ്വഭാവമുള്ള പ്രവൃത്തികൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ആവശ്യമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും രാഹുലിനെതിരെ പരാതി നൽകിയതായും ബിഎൻഎസ് 84 പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യമെന്നും പരാതിയിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മത്സരിക്കുമോയെന്ന ചർച്ചകൾ സജീവമായിരിക്കെ ഉയർന്നിരിക്കുന്ന ഈ ആരോപണങ്ങൾ രാഷ്ട്രീയ തലത്തിലും വലിയ ചർച്ചയായിട്ടുണ്ട്. യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നേരത്തെ ഭർത്താവിന്റെ മൊഴിയെടുത്തിരുന്നു; എംഎൽഎയ്‌ക്കെതിരെ നിലവിൽ രണ്ട് കേസുകൾ നിലനിൽക്കെയാണ് പുതിയ നീക്കം.










Leave a Reply