ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലേക്കുള്ള കുടിയേറ്റം കണക്കുകളിൽ വലിയ തോതിൽ കുറഞ്ഞിട്ടും കുടിയേറ്റം വർധിച്ചുവെന്ന തെറ്റായ ധാരണയിൽ ആണ് ഭൂരിപക്ഷം വോട്ടർമാരും എന്ന് കാണിക്കുന്ന പുതിയ അഭിപ്രായ സർവേ പുറത്തു വന്നു. ‘മോർ ഇൻ കോമൺ’ നടത്തിയ സർവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂൺ 2025 വരെ ഉള്ള ഒരു വർഷത്തിനിടെ യുകെയിലെ നെറ്റ് മൈഗ്രേഷൻ നേരത്തെയുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്നിലധികം കുറഞ്ഞെങ്കിലും 67 ശതമാനം ആളുകളും കുടിയേറ്റം ഉയർന്നുവെന്നാണ് വിശ്വസിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം, അതിർത്തികൾ നിയന്ത്രിക്കുന്നതിൽ സർക്കാരിന് കഴിവുണ്ടെന്ന കാര്യത്തിൽ ഭൂരിഭാഗം ജനങ്ങൾക്കും വിശ്വാസമില്ലെന്നും സർവേ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമീപ മാസങ്ങളിൽ ലേബർ സർക്കാർ സ്വീകരിച്ച കടുത്ത കുടിയേറ്റ നയങ്ങൾക്കിടയിലും സർക്കാരിനോടുള്ള ജനവിശ്വാസം ഇടിഞ്ഞിരിക്കുകയാണ്. കുടിയേറ്റ വിഷയത്തിൽ സർക്കാരിനോട് വിശ്വാസമില്ലെന്നു പറഞ്ഞവരുടെ ശതമാനം 74 ആയി ഉയർന്നതായി സർവേ വ്യക്തമാക്കുന്നു. 2024 ൽ ലേബറിനെ പിന്തുണച്ചവരിലടക്കം വിശ്വാസത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. അഭയാർത്ഥി പദവി ലഭിച്ചവർക്ക് പൗരത്വം നേടാൻ 20 വർഷം കാത്തിരിക്കേണ്ടി വരുമെന്നതടക്കമുള്ള നിർദേശങ്ങളും അഭയാർഥികളുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള സാധ്യതയും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, ചെറിയ ബോട്ടുകളിലൂടെ ചാനൽ കടന്ന് യുകെയിലെത്തുന്നവരെ കുറിച്ചുള്ള വാർത്തകളാണ് പൊതുധാരണയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 2025 ജൂൺ വരെ ഒരു വർഷത്തിനിടെ 43,000 പേർ ബോട്ടുകളിലൂടെ എത്തിയെങ്കിലും ഇത് ആകെ കുടിയേറ്റത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. വിസ അപേക്ഷകളിലും വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേസമയം, സർക്കാർ കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ ഫലപ്രദമാണെന്ന് അവകാശപ്പെടുമ്പോൾ, ചില ലേബർ എംപിമാർ ഈ നയങ്ങൾ ആരോഗ്യ–സാമൂഹിക പരിചരണ മേഖലകളിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്.