ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ ഡ്രൈവിംഗ് തിയറി, പ്രാക്ടിക്കൽ ടെസ്റ്റുകൾ വളഞ്ഞ വഴിയിലൂടെ പാസാകാനുള്ള ശ്രമങ്ങൾ കുത്തനെ വർധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഡ്രൈവിംഗ് ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി (DVSA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 സെപ്റ്റംബറിൽ അവസാനിച്ച ഒരു വർഷത്തിനിടെ ഇത്തരം 2,844 കേസുകൾ ആണ് പിടിക്കപ്പെട്ടത് . മുൻവർഷത്തേക്കാൾ 47 ശതമാനം വർധനവാണ് ഇത്തരം സംഭവങ്ങളിൽ ഉണ്ടായിരിക്കുന്നത് . ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ചുള്ള തിയറി ടെസ്റ്റ് എഴുതിയ 1,113 കേസുകളും , മറ്റൊരാളെ പകരം വെച്ച് പരീക്ഷ എഴുതുന്ന 1,084 സംഭവങ്ങളും ആണ് തിരിച്ചറിഞ്ഞത് .

ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് 96 പേരെ നിയമനടപടികൾക്ക് വിധേയരാക്കിയതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത് . ചിലർക്ക് തടവ് ശിക്ഷ വരെ ലഭിച്ചു. പരീക്ഷ പാസാക്കാൻ വ്യാജ സ്ഥാനാർത്ഥികൾക്ക് £2,000 വരെ നൽകുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു. ഡ്രൈവിംഗ് പരീക്ഷ വളഞ്ഞ വഴിയിലൂടെ പാസാകുന്നവർ റോഡ് സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ആസ്റ്റൺ സർവകലാശാലയിലെ ഗവേഷക വിഭാഗം മേധാവി ഡോ. റാഷ കസ്സം മുന്നറിയിപ്പ് നൽകി. ഇത്തരക്കാർ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകാമെന്നും അവർ പറഞ്ഞു.

ഡ്രൈവിംഗ് പരീക്ഷയ്ക്കുള്ള ദീർഘമായ കാത്തിരിപ്പ് കാലമാണ് തട്ടിപ്പുകൾ വർധിക്കാൻ പ്രധാന കാരണമെന്ന് പരിശീലക സംഘടനകളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ ബാക്ക്ലോഗ് 2027 നവംബർ വരെ നീളുമെന്നാണ് നാഷണൽ ഓഡിറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . ഇതിനെ തുടർന്ന് സൈനിക ഡ്രൈവിംഗ് എക്സാമിനർമാരെ നിയോഗിക്കുക, ബോട്ടുകൾ വഴി സ്ലോട്ടുകൾ പിടിക്കുന്ന വെബ്സൈറ്റുകൾ നിയന്ത്രിക്കുക തുടങ്ങിയ നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രൈവിംഗ് പരീക്ഷയിലെ തട്ടിപ്പ് കർശനമായി തടയുമെന്നും റോഡ് സുരക്ഷ ഉറപ്പാക്കുമെന്നും DVSA വ്യക്തമാക്കി.











Leave a Reply