ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ഹോം ഉപകരണങ്ങൾ, എഐ ആപ്പുകൾ എന്നിവ സ്ത്രീകളെ ആക്രമിക്കാനും നിയന്ത്രിക്കാനും കുറ്റവാളികൾ ഉപയോഗിക്കുന്നതായി ബ്രിട്ടനിലെ അഭയകേന്ദ്രങ്ങളുടെ സംഘടനയായ ‘റഫ്യൂജ്’ മുന്നറിയിപ്പ് നൽകി. 2025-ന്റെ അവസാന മൂന്ന് മാസങ്ങളിൽ ടെക്‌നോളജി വഴി പീഡനമനുഭവിച്ച സ്ത്രീകളുടെ കേസുകളിൽ വലിയ വർധനയാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും സങ്കീർണ്ണമായ കേസുകൾ 62 ശതമാനം ഉയർന്ന് 829 ആയതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. ഇതോടൊപ്പം 30 വയസിന് താഴെയുള്ളവരുടെ പരാതികളും 24 ശതമാനം വർധിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് സ്ത്രീകളുടെ നീക്കങ്ങൾ പിന്തുടരുക, വീട്ടിലെ ലൈറ്റും ഹീറ്റിംഗും നിയന്ത്രിച്ച് ഭീഷണി സൃഷ്ടിക്കുക, എഐ സ്പൂഫിംഗ് ആപ്പുകൾ വഴി മറ്റൊരാളായി നടിക്കുക തുടങ്ങിയ രീതികളാണ് കുറ്റവാളികൾ പിൻതുടരുന്നത്. മോഷ്ടിക്കപ്പെട്ട സ്മാർട്ട് വാച്ച് വഴി തന്റെ താമസസ്ഥലം കണ്ടെത്തിയ അനുഭവവും ഒരു അതിജീവിത പങ്കുവച്ചു. പോലീസ് ഇടപെട്ടിട്ടും ഉപകരണം പിടിച്ചെടുക്കാതിരുന്നതോടെ വീണ്ടും താമസം മാറ്റേണ്ടിവന്നത് വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചതായും അവൾ പറഞ്ഞു.

എഐ ഉപയോഗിച്ച് വ്യാജ വീഡിയോകളും രേഖകളും ഉണ്ടാക്കി സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ ഉയർത്തുന്നതും വർധിക്കുകയാണെന്ന് ‘റഫ്യൂജ്’ അധികൃതർ പറഞ്ഞു. ഭാവിയിൽ മെഡിക്കൽ ഉപകരണങ്ങൾ പോലും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും അവർ ഉയർത്തി. ടെക്‌നോളജി രൂപകൽപ്പനയിൽ തന്നെ സ്ത്രീകളുടെ സുരക്ഷ പ്രധാനമായി കാണണമെന്നും, നിയമങ്ങളും അന്വേഷണ സംവിധാനങ്ങളും ശക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നത് സർക്കാരിന്റെ മുൻഗണനയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളോടെ ബ്രിട്ടീഷ് സർക്കാർ പ്രതികരിച്ചത്.