കൊടുമൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയിരുന്ന വയോധികനെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര കണ്ഠളൻതറ ചെറുലയം വള്ളിപ്പറമ്പിൽ സുകുമാരൻ (76) ആണ് പിടിയിലായത്. തേക്കുതോട് താഴെ പറക്കുളത്തെ ഒളിത്താവളത്തിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്.
ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുകുമാരനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസെടുത്തതോടെ നാട്ടിൽ നിന്ന് മുങ്ങിയ പ്രതി തുമ്പമൺ, തണ്ണിത്തോട്, തേക്കുതോട് എന്നിവിടങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊടുമൺ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ കണ്ടെത്തിയത്. സബ് ഇൻസ്പെക്ടർ ജിനു ജെ.യുവും സി.പി.ഒമാരായ അഭിലാഷ്, ശ്യാം, അഖിൽ കൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.











Leave a Reply