ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാം തന്റെ ആദ്യ മന്ത്രിസഭ പ്രഖ്യാപിച്ച് വൻ അഴിച്ചുപണിക്ക് തുടക്കമിട്ടു. മുൻ പ്രതിരോധമന്ത്രി ജോൺ ഹീലിയെ ചാൻസലറും എഡ് മിലിബാൻഡിനെ വിദേശകാര്യ സെക്രട്ടറിയുമായി നിയമിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ തീരുമാനം. മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ മന്ത്രിസഭയിലെ പല പ്രമുഖരെയും മാറ്റിനിർത്തിയാണ് ബേൺഹാം പുതിയ ടീം പ്രഖ്യാപിച്ചത്.

മുൻ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറിനെ ആരോഗ്യ – സാമൂഹിക പരിപാലന മന്ത്രിയായി നിയമിച്ചു. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് സ്ഥാനത്ത് തുടരുമെന്നും തൊഴിൽ-പെൻഷൻ വകുപ്പ് മന്ത്രി പാറ്റ് മക്ഫാഡനും ചുമതല നിലനിർത്തുമെന്നും പ്രഖ്യാപിച്ചു. ലൂയിസ് ഹേഗിന് ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി നൽകി. ആഞ്ചല റെയ്നർ വീണ്ടും ഭവനകാര്യ മന്ത്രിയായും ലൂസി പവൽ വിദ്യാഭ്യാസ മന്ത്രിയായും മന്ത്രിസഭയിലെത്തി.

അതേസമയം, മുൻ ചാൻസലർ റേച്ചൽ റീവ്സ്, മുൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, പീറ്റർ കൈൽ, ലിസ് കെൻഡൽ എന്നിവരുൾപ്പെടെ സ്റ്റാർമറുടെ അടുത്ത അനുയായികളായ നിരവധി പേർ മന്ത്രിസഭയിൽ നിന്ന് പുറത്തായി. ബേൺഹാം അധികാരമേറ്റ ഉടൻ തന്നെ പാർട്ടിയുടെ നയങ്ങളിൽ മാറ്റം വരുത്താനും സ്വന്തം രാഷ്ട്രീയ മുദ്ര പതിപ്പിക്കാനുമാണ് ഈ പുനഃസംഘടനയിലൂടെ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അധികാരമേറ്റ ശേഷമുള്ള ആദ്യ പ്രസംഗത്തിൽ രാജ്യത്തിന് പുതിയ ദിശ നൽകുന്ന “ടേണിങ് പോയിന്റ്” ആയിരിക്കും തന്റെ സർക്കാർ എന്ന് ബേൺഹാം പ്രഖ്യാപിച്ചിരുന്നു. സമ്പദ്വ്യവസ്ഥ, സാമൂഹിക പരിപാലനം, പ്രാദേശിക വികസനം, പൊതുസേവന പരിഷ്കാരം എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന സന്ദേശമാണ് പുതിയ മന്ത്രിസഭാ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം നൽകുന്നത്.











Leave a Reply