തിരുവനന്തപുരം: ഒൻപതു വയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മവെയ്പ്പിച്ച കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 26,000 രൂപ പിഴയും ശിക്ഷ. വെട്ടുകാട് സ്വദേശി ബേസിൽ എന്ന എഡിസൺ (54) കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായി വിധിച്ച ശിക്ഷകളിൽ ഏറ്റവും കുറഞ്ഞ അഞ്ച് വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2024 ഒക്ടോബർ 20-നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി കൈകാട്ടി വിളിച്ചുവരുത്തി സമീപത്തെ പൂച്ചട്ടി എടുത്തുതരാൻ ആവശ്യപ്പെട്ടു. ചട്ടി എടുത്തുകൊടുത്തപ്പോൾ കുട്ടിയുടെ കൈയിൽ പിടിച്ച പ്രതി, ഉമ്മ നൽകിയാൽ മാത്രമേ കൈ വിടുകയുള്ളൂവെന്ന് പറഞ്ഞ് വലിച്ചിഴച്ചു. കുട്ടി കരഞ്ഞ് കൈ വിടാൻ ആവശ്യപ്പെട്ടിട്ടും പ്രതി വിട്ടില്ല. ഭയന്ന കുട്ടി ഉമ്മ നൽകുകയും തുടർന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തി അച്ഛനോട് സംഭവം പറയുകയുമായിരുന്നു.
കുട്ടിയുടെ പരാതിയെ തുടർന്ന് വലിയതുറ പോലീസ് സബ് ഇൻസ്പെക്ടർ ജയശ്രീ എസ്. കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹനും അഡ്വ. പി. സുരഭിയും ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും മൂന്ന് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.











Leave a Reply