ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പ്രവർത്തനത്തിലേക്ക് പ്രേരിപ്പിച്ചതെന്ന ഗുരുതര കുറ്റത്തിന് വെയിൽസിലെ സ്വാൻസിയിലെ മോറിസ്റ്റൺ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന എൻഎച്ച്എസ് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. സ്വാൻസി സ്വദേശിയായ 52 വയസ്സുകാരനായ ഡോക്ടറെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഡോക്ടറെ ഉടൻ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി സ്വാൻസി ബേ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സ്വാൻസിയിലെ സ്‌കെട്ടിയിലുള്ള ഒരു വസതിയിലേക്ക് സൗത്ത് വെയിൽസ് പോലീസ് എത്തുകയായിരുന്നു. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു പോലീസിന്റെ ഇടപെടൽ. ഇയാളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് ഹെൽത്ത് ബോർഡ് വ്യക്തമാക്കി. ആരോപണങ്ങൾ അതീവ ഗൗരവമുള്ളതായതിനാൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ഡോക്ടറെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായും അധികൃതർ അറിയിച്ചു.
13 മുതൽ 15 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചെന്ന സംശയത്തിലാണ് ഡോക്ടറുടെ അറസ്റ്റ്. പിന്നീട് ഇയാളെ കർശന വ്യവസ്ഥകളോടെ പോലീസ് ജാമ്യത്തിൽ വിട്ടതായി സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും പോലീസ് വക്താവ് അറിയിച്ചു.
യുകെയിൽ മുമ്പും മലയാളിവിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സമാന സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് . സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട് നടത്തുന്ന ഇടപെടലുകൾ ഗുരുതര നിയമപ്രശ്നങ്ങളിലേക്ക് നയിക്കും. യുകെയിൽ താമസിക്കുന്ന മലയാളികളും വിദ്യാർത്ഥികളും സോഷ്യൽ മീഡിയ ഉപയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് നിയമ വിദഗ്ധരും സാമൂഹിക പ്രവർത്തകരും മുന്നറിയിപ്പ് നൽകി . കുട്ടികളെ സംബന്ധിച്ച ഏതൊരു ഓൺലൈൻ പ്രവർത്തനവും കർശന നിയമങ്ങളുടെ പരിധിയിലാണെന്നും, ചെറിയ പിഴവുകൾ പോലും ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന നിയമനടപടികളിലേക്ക് നയിക്കും.











Leave a Reply