പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ നടന്ന ഗുണ്ടാ ആക്രമണത്തിലും ബലാത്സംഗത്തിലും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും വിവരം ലഭിച്ച ഉടൻതന്നെ പോലീസ് സമയബന്ധിതമായി ഇടപെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി ഒന്നിനാണ് സംഭവം നടന്നത്. രണ്ടാം തീയതി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ജീവനക്കാരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്‌തതായും പ്രധാനപ്രതിയായ സുബിൻ അലക്‌സാണ്ടറെയും രണ്ടാംപ്രതിയായ ബെർലിൻദാസിനെയും അറസ്റ്റ് ചെയ്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. മറ്റ് പ്രതികളെ പിടികൂടുന്നതിനായി തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പാ ഉടമയടക്കമുള്ളവരിൽനിന്ന് മൊഴിയെടുത്ത് വിശദമായ അന്വേഷണം നടത്തുകയാണെന്നും സംഭവം ക്വട്ടേഷൻ ആണോയെന്ന് വ്യക്തത വരുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. അതിജീവിതയ്ക്ക് നിയമസഹായവും കൗൺസിലിങ്ങും നൽകുമെന്നും പ്രധാനപ്രതി വീണ്ടും പുറത്തുവരാതിരിക്കാനുള്ള കരുതൽ തടങ്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.











Leave a Reply