കൊറോണ വൈറസ് ആന്റിബോഡി പരിശോധനയ്ക്കായി രണ്ട് ചൈനീസ് കമ്പനികള്‍ക്ക് ബ്രിട്ടിഷ് അധികൃതര്‍ 20 ദശലക്ഷം പൗണ്ട് നല്‍കിയെന്നു വെളിപ്പെടുത്തല്‍. 20 ലക്ഷം ഹോം ടെസ്റ്റ് കിറ്റുകളാണ് ചൈനീസ് കമ്പനിയില്‍നിന്നു വാങ്ങിയത്. സാങ്കേതികവിദ്യ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മുന്‍കൂര്‍ പണം നല്‍കി ചൈനയില്‍ വന്നു കിറ്റുകള്‍ വാങ്ങണമെന്നും കമ്പനികള്‍ അറിയിച്ചെങ്കിലും മറ്റു വഴികളില്ലാതെ ബ്രിട്ടന്‍ അത് അംഗീകരിക്കുകയായിരുന്നു.

ഒരു ഗര്‍ഭപരിശോധന നടത്തുന്നത്ര എളുപ്പമാണെന്നും കോവിഡ് പ്രതിരോധത്തിൽ നിര്‍ണായകമാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ കിറ്റുകള്‍ ഫാര്‍മസികളില്‍ ലഭ്യമാക്കുമെന്ന് അധികൃതരും വാഗ്ദാനം ചെയ്തു. എന്നാല്‍ കിറ്റുകള്‍ എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.കൃത്യമായി ഫലം നല്‍കാത്ത കിറ്റുകളുടെ പരിശോധനാഫലം തെറ്റാണെന്ന് ഓക്‌സ്‌ഫഡ് സര്‍വകലാശാലയിലെ ലബോറട്ടറി കണ്ടെത്തി. ഇതോടെ ഈ കിറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അധികൃതര്‍.

ചൈനീസ് കമ്പനികളില്‍നിന്നു കുറച്ചു പണമെങ്കിലും മടക്കി വാങ്ങാനുള്ള ശ്രമത്തിലാണവര്‍. ആന്റിബോഡി പരിശോധന വ്യാപകമായി നടപ്പാക്കി കോവിഡ് വ്യാപനം തടയാനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ക്കും നടപടി തിരിച്ചടിയായി. ഇത്തരം പരിശോധനകള്‍ നടത്താത്തിടത്തോളം കാലം ലോക്ഡൗണ്‍ തുടരേണ്ടിവരുമെന്നാണ് അധികൃതരുടെ ആശങ്ക. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന വ്യാപകമായ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ കടുത്ത സമ്മര്‍ദത്തിലാണ് അധികൃതര്‍.

ഈ സാഹചര്യത്തിലാണ് മുന്‍പിന്‍ നോക്കാതെ ചൈനീസ് കമ്പനിയില്‍നിന്നു ടെസ്റ്റ് കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഓള്‍ബെസ്റ്റ് ബയോടെക്, വോണ്ട്‌ഫോ ബയോടെക് എന്നീ കമ്പനികളാണ് ടെസ്റ്റ് കിറ്റുകളുമായി രംഗത്തെത്തിയത്. യൂറോപ്യന്‍ യൂണിയന്റെ എല്ലാവിധ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും കമ്പനികള്‍ അവകാശപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ മറ്റു പല രാജ്യങ്ങളും കിറ്റുകള്‍ക്കായി രംഗത്തുണ്ടെന്ന് അറിഞ്ഞതോടെ ബ്രിട്ടന്‍ നടപടികള്‍ ത്വരിതഗതിയിലാക്കി.

ചൈനയിലുള്ള നയതന്ത്ര പ്രതിനിധികളോട് കിറ്റുകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. പണം മുന്‍കൂര്‍ നല്‍കണമെന്ന കമ്പനികളുടെ ആവശ്യവും അംഗീകരിച്ചു.

എന്നാല്‍ കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന വിജയകരമല്ലെന്ന് ആഴ്ചകള്‍ക്കുള്ളില്‍ അധികൃതര്‍ക്ക് സമ്മതിക്കേണ്ടിവന്നു. വിവരം പുറത്തുവന്നതോടെ ചൈനീസ് കമ്പനികള്‍ മലക്കംമറിഞ്ഞു. കിറ്റുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച കാര്യങ്ങള്‍ പറഞ്ഞത് ബ്രിട്ടിഷ് അധികൃതരാണെന്നും നിലവില്‍ കോവിഡ് പോസിറ്റീവ് ആയവരെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് ഈ കിറ്റുകളെന്നും വോണ്ട്‌ഫോ ബയോടെക് പറഞ്ഞു.