തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ പ്രധാന പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മറ്റ് പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. ഒന്നാംപ്രതി മരണ സുബിനും കൂട്ടുപ്രതി ബർലിൻ ദാസുമാണ് നിലവിൽ പിടിയിലായത്. ക്രൂര പീഡനത്തിന് സ്പായിലെ ഒരു സഹപ്രവർത്തക ഒത്താശ ചെയ്തുവെന്ന അതിജീവിതയുടെ വെളിപ്പെടുത്തലിനെ തുടർന്ന്, ആ യുവതിയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പൊലീസ് അന്വേഷണം നീട്ടി.
കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്.പി ആർ. ആനന്ദ് അറിയിച്ചു. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും, സ്പാ ഉടമ ഉന്നയിച്ച ക്വട്ടേഷൻ ആരോപണം വിശദമായി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ നിലവിൽ ആറുപേരാണ് പ്രതികൾ; ഒളിവിലുള്ള നാലുപേരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, സംഭവത്തിന് പിന്നിൽ പൊലീസ്–ഗുണ്ടാ കൂട്ടുകെട്ടുണ്ടെന്ന ഗുരുതര ആരോപണത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം ആരംഭിച്ചു. സ്പായിൽ ഗുണ്ടാപിരിവ് ആവശ്യപ്പെട്ട് എത്തിയ പ്രതികൾ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ മൊഴി കേരളത്തെ നടുക്കിയിരിക്കുകയാണ്. ബിസിനസ് എതിരാളികൾ നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്ന സ്പാ ഉടമയുടെ ആരോപണവും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.











Leave a Reply