ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മലിനമായ പാൽ ഉപയോഗിച്ചതിനെ തുടർന്ന് 36 കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി സ്ഥിരീകരിച്ചു. ഒരുവയസ്സോ അതിൽ താഴെയോ പ്രായമുള്ള കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന ലക്ഷണങ്ങൾ കണ്ടതെന്ന് അധികൃതർ അറിയിച്ചു. ഇതെ തുടർന്ന് നെസ്‌ലെ, ഡാനോൺ എന്നീ കമ്പനികൾ നിർമ്മിച്ച ചില പ്രത്യേക ബാച്ചുകളിലുള്ള ബേബി ഫോർമുല പാലുകൾ തിരിച്ചുവിളിച്ചു.

ഈ ഉൽപ്പന്നങ്ങളിൽ സെറുലൈഡ് (cereulide) എന്ന വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA)യുടെ റിപ്പോർട്ട് പ്രകാരം ഈ കുഞ്ഞുങ്ങൾക്ക് ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടായത്. എന്നാൽ കുഞ്ഞുങ്ങളിൽ ആരും ഗുരുതരാവസ്ഥയിലല്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

തിരിച്ചുവിളിക്കുന്നതിന് മുൻപ് ഈ ഉൽപ്പന്നങ്ങൾ വ്യാപകമായി വിപണിയിൽ ലഭ്യമായിരുന്നുവെന്നതിനാൽ ഇത്തരമൊരു റിപ്പോർട്ട് അപ്രതീക്ഷിതമല്ലെന്ന് UKHSA വക്താവ് അറിയിച്ചു. നിലവിൽ ഒരുവയസ്സിൽ താഴെയുള്ള കുട്ടികളിൽ സാധാരണത്തേക്കാൾ കൂടുതൽ ഛർദ്ദി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിരീക്ഷണ സംവിധാനങ്ങൾ വ്യക്തമാക്കുന്നു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ തുടർ വിവരങ്ങൾ പുറത്തുവിടുമെന്നും ആരോഗ്യ അധികൃതർ അറിയിച്ചു.











Leave a Reply