ജിദ്ദ: സൗദി അറേബ്യയിൽ നിയന്ത്രിത മരുന്നുകൾ കൈവശംവച്ചെന്ന സംശയത്തെ തുടർന്ന് ജിദ്ദ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലായ മലയാളി നേഴ്സ് ഫിലോമിന (32) മോചിതയായി. വിശദമായ അന്വേഷണത്തിൽ ഇവർക്കെതിരെ ക്രമക്കേടുകളൊന്നും കണ്ടെത്താനാകാത്തതിനെത്തുടർന്നാണ് അധികൃതർ വിട്ടയച്ചത്. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനിയായ ഫിലോമിന കഴിഞ്ഞ മൂന്നുവർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തുവരികയാണ്. അവധിക്കുശേഷം ഒക്ടോബർ 10ന് ബെംഗളൂരുവിൽനിന്ന് ജിദ്ദയിലെത്തി റിയാദിലേക്കുള്ള കണക്ഷൻ വിമാനത്തിൽ കയറാനിരിക്കെയാണ് സംഭവമുണ്ടായത്.

ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായും ലഗേജ് ഉദ്യോഗസ്ഥർ കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ശബ്ദസന്ദേശം അയച്ചിരുന്നു. പിന്നാലെ ബന്ധപ്പെടാൻ കഴിയാതായതോടെ കുടുംബം ആശങ്കയിലായി. റിയാദിലെ ആശുപത്രി അധികൃതരെയും സഹപ്രവർത്തകരെയും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് കുടുംബം മാധ്യമങ്ങളിലൂടെ സഹായം തേടുകയും നിയമസഹായത്തിനായി ഇന്ത്യൻ എംബസിയെ സമീപിക്കുകയും ചെയ്തു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും റിയാദിലെ ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിലാണ് ഇവർ പൊലീസ് കസ്റ്റഡിയിലാണെന്ന വിവരം സ്ഥിരീകരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗദിയിൽ നിയന്ത്രണമുള്ള മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെത്തുടർന്ന് ഫിലോമിനയെ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറിയിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഇവർക്കെതിരായ സംശയങ്ങൾ നീങ്ങിയതോടെയാണ് മോചനം സാധ്യമായത്. സംഭവത്തോടെ കുടുംബത്തിനും സഹപ്രവർത്തകർക്കും ആശ്വാസമായി. സൗദിയിലേക്ക് യാത്ര ചെയ്യുന്നവർ മരുന്നുകൾ കൈവശം വയ്ക്കുമ്പോൾ രാജ്യത്തെ നിയന്ത്രണങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്നും ആവശ്യമായ രേഖകളും അനുമതികളും ഉറപ്പാക്കണമെന്നും ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.